കൊടുംവേനലിലും കുടിനീര് പകര്‍ന്ന് തെളിനീരുറവ

രാജപുരം: ആര്‍ത്തിമൂത്ത മനുഷ്യന്റെ കൈയേറ്റത്തിലും ചൂഷണത്തിലും ഗ്രാമീണ മേഖലയിലടക്കം പുഴകളും തോടുകളും വറ്റിവരളുകയാണ്. അപ്പോഴും പച്ചപ്പിന്റെ സൗന്ദര്യം തേടി കേരളത്തിന്റെ ഊട്ടിയിലെത്തുന്നവര്‍ക്ക് ദാഹമകറ്റി ആശ്വാസമേകാന്‍ ഏതു കൊടുംവേനലിലും കുടിനീര് പകര്‍ന്ന് ഒരുതെളിനീരുറവ. സമുദ്രനിരപ്പില്‍നിന്ന് 1049 മീറ്റര്‍ ഉയരത്തിലുള്ള റാണീപുരം മാനിമലയിലാണ് വറ്റാത്ത നീരുറവ സഞ്ചാരികള്‍ക്ക് കൗതുകവും ആശ്വാസവുമാകുന്നത്.

വനം വകുപ്പിന്റെ പ്രവേശനകവാടത്തിലൂടെ വനമേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഒന്നരമണിക്കൂര്‍ നടന്നുവേണം പുല്‍മേടുകള്‍ പരവതാനി വിരിച്ചിരിക്കുന്ന മാനിമലയുടെ നിറുകയിലെത്താന്‍. നടന്നുക്ഷീണിച്ച് തളര്‍ന്നെത്തുന്ന സഞ്ചാരികള്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ പ്രകൃതിയൊരുക്കിയ മലമുകളിലെ കുടിവെള്ള സ്രോതസ്സാണിത്. ഈ തെളിനീരുറവ സമ്മാനിക്കുന്ന കുടിനീരില്‍ ദാഹം തീര്‍ത്താണ് സഞ്ചാരികള്‍ പലപ്പോഴും മാനിമലയുടെ മുകളിലെത്തി കാടിന്റെയും കോടമഞ്ഞിന്റെയും സൗന്ദര്യം ആസ്വദിച്ച് മലയിറങ്ങുന്നത്.

റാണീപുരം ജൈവ വിനോദസഞ്ചാര കേന്ദ്രമാകുംമുന്‍പുതന്നെ വന്യമൃഗങ്ങള്‍ക്കും വല്ലപ്പോഴുമെത്തുന്ന സഞ്ചാരികള്‍ക്കും ദാഹജലം പകര്‍ന്നുനല്‍കിയിരുന്നത് ഈ നീരുറവയാണെന്ന് വനസംരക്ഷണസമിതി പ്രവര്‍ത്തകന്‍ എസ്.മധുസൂദനന്‍ പറഞ്ഞു. വേനല്‍ കനത്താലും മഴ തകര്‍ത്തുപെയ്താലും ഒരുമീറ്റര്‍ വിസ്തീര്‍ണവും ഒരടിയോളം താഴ്ചയുമുള്ള ഉറവയില്‍ നിശ്ചിത അളവില്‍ മാത്രമേ വെള്ളമുണ്ടാകാറുള്ളൂ എന്നും അദ്ദേഹം പറയുന്നു.

വിനോദസഞ്ചാരത്തിനെത്തുന്ന വിദേശികളടക്കം വെള്ളത്തിന്റെ തണുപ്പും തെളിമയും കണ്ട് കൈയില്‍ കരുതിയ കുപ്പിവെള്ളമുപേക്ഷിച്ച് ഇവിടെനിന്ന് വെള്ളം ശേഖരിക്കുന്നതും പതിവാണ്.

ഔഷധസസ്യങ്ങളുടെ കേന്ദ്രം കൂടിയാണ് റാണീപുരം വനമേഖല. ഇവിടെ വനവും പുല്‍മേടും അതിരിടുന്ന ഭാഗത്തെ ഈ ജലശേഖരത്തിന് ഔഷധ ഗുണമുണ്ടാകുമെന്നും ഇവിടെയെത്തുന്നവര്‍ വിശ്വസിക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായി വളരുകയും സഞ്ചാരികളുടെ വരവ് കൂടുകയും ചെയ്തതോടെ സഞ്ചരികള്‍ക്ക് കുടിവെള്ളസൗകര്യം ഉറപ്പാക്കാനും ശുദ്ധജല സംരക്ഷണത്തിനുമായി നീരുറവയ്ക്ക് സമീപം സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ഇതൊക്കെ നശിപ്പിച്ച നിലയിലാണ്. ഒരു ജലദിനംകൂടി കടന്നുപോകുമ്പോള്‍ തോടിനെയും പുഴകളെയും മണല്‍ത്തിട്ടകളാക്കിമാറ്റി ദാഹജലത്തിനായി പരക്കംപായുന്ന നമുക്ക് പച്ചപ്പിന്റെ നടുവിലുള്ള ഈ നീരുറവയെയെങ്കിലും കാക്കാന്‍ കഴിയണം.

KCN

more recommended stories