പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 25 ന്

കാസര്‍കോട് : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഏപ്രില്‍ ഒന്നിന് അധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനും കളക്ടറേറ്റുകള്‍ക്കും മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരിക്കുകയാണ്. 2013 ല്‍ ഇതിനായി ആറ് ദിവസം പണിമുടക്ക് നടത്തുകയുണ്ടായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കിയാല്‍ മിനിമം പെന്‍ഷന്‍പോലും കിട്ടിയേക്കില്ല എന്ന് സംഘടനകള്‍ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍പ്പെട്ട അടുത്തിടെ വിരമിച്ച ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്റെ ഭാഗമായിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന യാതൊരു ആനുകൂല്യവും ലഭിക്കാതിരുന്നത് ജീവനക്കാരെ ആശങ്കപ്പെടുത്തുകയാണ്. മിനിമം പെന്‍ഷന്‍ 4000 രൂപ പോലും പ്രതിമാസം ഉറപ്പു നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനം തുടരുന്നത് ഭാവിയില്‍ പൊതുസമൂഹത്തിനാണ് ബാദ്ധ്യത സൃഷ്ടിക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്റെ പരിധിയിലുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിലേക്ക് പിടിക്കാനുള്ള തുക അടിയന്തിരമായി അടവാക്കുന്നതിനാണ് അധികൃതര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിലൂടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ശക്തമാക്കപ്പെടുകയാണ് ചെയ്യുന്നത്.

പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ എസ് ബി ഐ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റിന്റെ ലാഭനഷ്ടത്തിനനുസരിച്ചാണ് ഈ ഫണ്ടിന്റെ ഭാവി. കമ്പനിയേപ്പറ്റി പരിശോധിച്ചാല്‍ ജനുവരി മാസത്തേക്കാള്‍ കുറവാണ് ഫെബ്രവരി മാസത്തെ എന്‍.എ.വി വിപണി മൂല്യം. അടവാക്കിയ തുകപോലും നീക്കിയിരിപ്പുണ്ടാവില്ല എന്നാണത് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ സംവിധാനമോ ട്രഷറിയോ മുഖാന്തിരം ഈ ഫണ്ട് പ്രയോജനപ്പെടുത്തുന്നുമില്ല.

ജീവനക്കാര്‍ അടവാക്കിയ തുകയുടെ വിപണി മൂല്യത്തില്‍ നിന്നും ഓരോ ഇടവേളയിലും നിശ്ചിത ശതമാനം തുക ചാര്‍ജ് ഇനത്തില്‍ കുറവു ചെയ്യാന്‍ കമ്പനികളെ അനുവദിച്ചിരിക്കുകയുമാണ്.

എങ്ങനെ നിര്‍വ്വചിച്ചാലും പങ്കാളിത്ത പെന്‍ഷന്‍ ജനവിരുദ്ധമായതും ആഗോളവല്‍ക്കരണത്തിന്റെ അടിച്ചേല്‍പ്പിച്ച ഉല്‍പ്പന്നവുമാണ്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഈ സംവിധാനത്തോട് സമരസപ്പെടാന്‍ ജീവനക്കാര്‍ തയ്യാറല്ല. എല്‍ ഡി എഫ് പ്രകടപത്രികയില്‍ ക്രമമ്പര്‍ 584 ല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഈ സംവിധാനം അടിയന്തിരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ജീവനക്കാരുടെ മാര്‍ച്ച്. അതോടൊപ്പം രണ്ട് രീതിയിലുള്ള പെന്‍ഷന്‍ പ്രായം ഏകീകരിച്ച് ഉയര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. മാര്‍ച്ചിന് മുന്നോടിയായുള്ള കാസറഗോഡ് മേഖല പ്രചരണ കണ്‍വെന്‍ഷന്‍ ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25ന് ഉച്ചയ്ക്ക് 2 മണിക്ക് നുള്ളിപ്പാടിയില്‍ വെച്ച് ചേരുന്നതാണ്. കാസറഗോഡ് മേഖലാ സംഘാടക സമതി യോഗം ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.ഭുവനേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് എന്‍.പ്രമോദ്, എം.കരുണാകരന്‍, ഇ. മനോജ് കുമാര്‍, ടി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു

KCN

more recommended stories