സമ്പൂര്‍ണ്ണ വൈദ്യുതീകരണം: ദേലംപാടി ഗ്രാമപഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു

കാസര്‍കോട്: ഉദുമ നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിയുടെ അവലോകന യോഗം ദേലംപാടി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിക്കായി പുല്ലൂര്‍-പെരിയ, ഉദുമ, മുളിയാര്‍ പഞ്ചായത്തുകള്‍ നല്‍കേണ്ട പദ്ധതി വിഹിതം ഉടന്‍ ലഭ്യമാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. നെല്ലിത്തട്ട കോളനിയുടെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. ചെന്നക്കുണ്ട്, നേറോടി കോളനികളിലെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കും. ഉദുമ നിയോജക മണ്ഡലത്തില്‍ വൈദ്യുതി കണക്ഷനായി 2026 അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇതില്‍ 1682 പേര്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് കെ.എസ്.ഇ.ബിയില്‍ നല്‍കിയിട്ടുണ്ട്. 1319 അപേക്ഷകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എല്ലാ അപേക്ഷകര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും. ജില്ലയിലെ വൈദ്യുതി പോസ്റ്റുകളുടെ ദൗര്‍ലഭ്യം പരിഹരിച്ചിട്ടുണ്ട്. ജില്ലയിലെ പോസ്റ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഗുണ്ടല്‍പേട്ടില്‍ നിന്നും പോസ്റ്റുകള്‍ കൊണ്ടുവരുന്ന നടപടികള്‍ കെ.എസ്.ഇ.ബി കൈക്കൊണ്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മോസസ് രാജ്കുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജെ ലിസി (കുറ്റിക്കോല്‍), മുസ്തഫ (ദേലംപാടി), ശാരദ എസ് നായര്‍ (പുല്ലൂര്‍-പെരിയ ), പി ഇന്ദിര (പളളിക്കര), കെ എ മുഹമ്മദലി (ഉദുമ), സി ആര്‍ രാമചന്ദ്രന്‍ (ബേഡഡുക്ക), കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ പി സുരേന്ദ്ര സ്വാഗതവും അസി. എക്‌സി. എഞ്ചിനീയര്‍ എസ് മനോജ് നന്ദിയും പറഞ്ഞു.

KCN

more recommended stories