കെ കെ കോടോത്ത് സര്‍വ്വകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട്: തൊഴിലാളി വര്‍ഗത്തോടൊപ്പവും തൊഴിലാളി വര്‍ഗ താത്പര്യത്തിനൊപ്പവും എന്നും നിലനിന്ന നേതാവാണ് കെ കെ കോടോത്തെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കാസര്‍കോട് ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്തിയ നേതാക്കന്‍മാരിലൊരാളുമായ കെ.കെ.കോടോത്തിന്റെ നിര്യാണത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ജനിച്ച ജന്മിവര്‍ഗത്തേക്കള്‍ കൂടുതല്‍ തൊഴിലാളി വര്‍ഗത്തോടായിരുന്നു അദ്ദേഹത്തിന് എന്നും കൂറ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തെത്തുടര്‍ന്നുണ്ടായ ജന്മി-കുടിയാന്‍ വ്യവഹാരങ്ങളില്‍ താന്‍ ജന്മികുടുംബത്തില്‍ പിറന്നയാളായിരുന്നിട്ട് കൂടി എപ്പോഴും കുടിയാന്റെ ഭാഗത്ത് നിന്ന് വാദിച്ച കമ്മ്യൂണിസ്റ്റ് വക്കീലായിരുന്നു കെ കെ കോടോത്ത്. തൊഴില്‍ നിയമങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിരുന്ന കോടോത്ത് തൊഴില്‍ തര്‍ക്കങ്ങളില്‍ എപ്പോഴും തൊഴിലാളികള്‍ക്കനുകൂലമായി വാദിച്ചയാളായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്‌കാരിക രംഗത്തും സമാധാന-സൗഹൃദ പ്രസ്ഥാനങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്ന അദ്ദേഹത്തിന് തൊഴിലാളികള്‍ക്കിടയിലുണ്ടായ അംഗീകാരം വളരെ വലുതാണ്. 1970 കളുടെ ആദ്യം ഒരു യുവജനസംഘടനാ പ്രവര്‍ത്തകനെന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്ത് വന്ന അദ്ദേഹം ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിന് നേതാവും വഴികാട്ടിയിരുമായിരുന്നു. ഞാനുള്‍പ്പെടെ ഇന്നുള്ള നേതാക്കള്‍ക്ക് വിപ്ലവരാഷ്ട്രീയത്തിന്റെ വഴിയില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ വഴികാട്ടി കൂടിയായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും അണുകിട വ്യതിചലിക്കാത്ത നേതാവ് കൂടിയായിരുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ ഭിന്നിപ്പിനെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പാര്‍ട്ടിയെ കെട്ടിപടുക്കുന്നതില്‍ വഹിച്ച പ്രവര്‍ത്തനം അവിസ്മരണീയമാണ്. അഭിഭാഷക വൃത്തിയുടെ അന്തസും ഉന്നതമായ മൂല്യബോധവും ഉയര്‍ത്തിപ്പിടിച്ച കെ.കെ കോടോത്ത് തന്റെ ചുമതലകളോട് നൂറു ശതമാനം കൂറു പുലര്‍ത്തുകയും തന്റെ കക്ഷിയുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള ഫീസ് മാത്രം സ്വീകരിക്കുകയും ചെയ്ത ഒരാളായിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു. മികച്ച ഒരു വായനക്കാരനും സാഹിത്യാസ്വാദകനുമായിരുന്ന കോടോത്ത് സാംസ്‌കാരിക സദസ്സുകളില്‍ ഒരു കാലത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അനുസ്മരണ ചടങ്ങില്‍ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, മുസ്ലീംലീഗ് നേതാവ് എ എം കടവത്ത്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് എം അനന്തന്‍ നമ്പ്യാര്‍, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി പി ബാബു, വി രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories