നിയമസഭാ സമ്മേളനം ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഈ മാസം 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. സമ്മേളനം മെയ് അവസാനം വരെ നീണ്ടുനിന്നേക്കും. ധനാഭ്യര്‍ത്ഥന ചര്‍ച്ചകളാണ് സമ്മേളനത്തില്‍ പ്രധാനമായും നടക്കുക. പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയ്ക്ക് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് സംബന്ധമായ നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും ശ്രീവാസ്തവയുടെ നിയമനം. സബ് കളക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് വികസനകാര്യങ്ങളിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചുമതലകള്‍ നിശ്ചയിച്ചു. ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ (എസ്സിഎസ്പി)/ട്രൈബല്‍ സബ്ബ് പ്ലാന്‍ (ടിഎസ്പി) എന്നീ പദ്ധതികളുടെ ആസൂത്രണവും മേല്‍നോട്ടവും എസ്സിഎസ്പി/ടിഎസ്പി എന്നിവയ്ക്ക് കീഴിലുള്ള ബൃഹദ് പദ്ധതികളുടെ നിര്‍വ്വഹണം, ദേശീയ ഭക്ഷ്യസുരക്ഷാ ആക്ട് (എന്‍എഫ്എസ്എ) നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം എന്നിവ ഇവരുടെ ചുമതലയില്‍പ്പെടും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികളുടെ ആസൂത്രണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നതിന് ഇവരെ ജില്ലാ ആസൂത്രണ കമ്മിറ്റികളില്‍ പ്രത്യേക ക്ഷണിതാക്കളാക്കും. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലുള്ള മേല്‍നോട്ടവും ഇവരുടെ ചുമതലകളില്‍പ്പെടും.

KCN

more recommended stories