സ്വന്തമായി കെട്ടിടമില്ല; ബാലനടുക്കം അങ്കണവാടിയിലെ കുട്ടികള്‍ പെരുവഴിയിലേക്ക്

കാസര്‍കോട്: അങ്കണവാടി കെട്ടിടത്തിന് കുടിയൊഴിക്കല്‍ നോട്ടീസ്. ബേഡഡുക്ക പഞ്ചായത്തില്‍ പതിനാറാം വാര്‍ഡിലെ ബാലനടുക്കം അങ്കണവാടിയാണ് കുടിയൊഴിയാന്‍ ആവശ്യപ്പെട്ട് കെട്ടിട ഉടമ നോട്ടീസയച്ചത്. തീരുമാനത്തില്‍ ഉടമ ഉറച്ചുനിന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ കുട്ടികളെയുംകൊണ്ട് ജീവനക്കാര്‍ പെരുവഴിയിലിറങ്ങേണ്ടിവരും.
ബാലനടുക്ക കൃഷ്ണ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള എഴുപത്തെട്ടാം നമ്പര്‍ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 22 കുട്ടികള്‍ ഇവിടെ ഉണ്ട്. 2016 ജൂണ്‍ മുതലാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം ഇവിടെ തുടങ്ങിയത്. ചെറിയ കാലത്തേക്കാണെന്ന് പറഞ്ഞാണ് തുച്ഛമായ വാടകയ്ക്ക് കെട്ടിടം വിട്ടുനല്‍കിയത്. എന്നാല്‍ ഒരുവര്‍ഷമാകാറായിട്ടും കെട്ടിടം വിട്ടുനല്‍കാനോ വാടക കൂട്ടി നല്‍കാനോ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗം, അങ്കണവാടി സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തേ മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി കെട്ടിട തകരാറുമൂലമാണ് ഇവിടേക്ക് മാറ്റിയത്. അങ്കണവാടി വികസന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാടകക്കെട്ടിടം കണ്ടെത്തിയത്. പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയില്‍ നിലവിലുള്ള അവസ്ഥ പെടുത്തിയിട്ടുണ്ടെന്നും അങ്കണവാടി സ്ഥിതിചെയ്യുന്ന സ്ഥലത്തെ പഞ്ചായത്തംഗം എം.പി.നഫീസ പറഞ്ഞു.
അങ്കണവാടിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താത്തരീതിയില്‍ ഉടന്‍തന്നെ തീരുമാനമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി ദിവസങ്ങളായിട്ടും ബന്ധപ്പെട്ടവര്‍ മറുപടി തന്നിട്ടില്ലെന്നും ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ലെന്നും കെട്ടിട ഉടമ കൃഷ്ണഭട്ട് പറഞ്ഞു. അങ്കണവാടിക്ക് സ്വന്തമായി കെട്ടിടംപണിയാന്‍ സ്ഥലം ലഭിക്കാന്‍ റവന്യൂമന്ത്രിയെ കാണാനാണ് നാട്ടുകാരുടെ നീക്കം.

KCN

more recommended stories