കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിയതായി നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി സംവിധാനം പിന്‍വലിക്കില്ല. ഇതില്‍ത്തന്നെ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെയുളള പന്ത്രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള പുതിയ ഷിഫ്റ്റ് ഏര്‍പ്പെടുത്തി. പുതിയ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജീവനക്കാര്‍ക്കുണ്ടായിരുന്ന ആശങ്ക പരിഹരിച്ചെന്നും ജീവനക്കാരെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കില്ലെന്നും മന്ത്രി അറിയിച്ചു. കൃത്യമായ റോട്ടേഷന്‍ രീതിയില്‍ സിംഗിള്‍ ഡ്യൂട്ടി ഷിഫ്റ്റ് ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതലാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. അറ്റകുറ്റപ്പണി മുടങ്ങിയതോടെ രാവിലെ ആരംഭിക്കേണ്ട സര്‍വീസുകള്‍ക്ക് പലയിടത്തും മുടങ്ങിയ അവസ്ഥയിലായിരുന്നു.

അറ്റകുറ്റപ്പണി കൂടുതല്‍ നടക്കുന്ന രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിള്‍ ഡ്യൂട്ടിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്‌മെന്റ് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതുകൊണ്ടുതന്നെ പകലുള്ള രണ്ടു സിംഗിള്‍ ഡ്യൂട്ടിയില്‍ വരുന്നവര്‍ക്കും കാര്യമായ ജോലിയില്ല. ജോലി കൂടുതലുള്ള രാത്രിയില്‍ ആവശ്യത്തിന് ജീവനക്കാരുമില്ല. ഇതൊഴിവാക്കാനാണ് ഡബിള്‍ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിള്‍ ഡ്യൂട്ടിയാക്കിയിരിക്കുന്നത്.

ഇതനുസരിച്ച് രാവിലെ ആറുമുതല്‍ രണ്ടുവരെയും രണ്ടുമുതല്‍ രാത്രി പത്തുവരെയും പത്തുമുതല്‍ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്. ഇതുവഴി രണ്ടുമണി മുതല്‍ പിറ്റേന്ന് ആറുവരെ കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്താം.

KCN

more recommended stories