കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി; നെല്‍ കര്‍ഷകരുടെ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: തരിശ് നിലങ്ങളില്‍ കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ പാരമ്പര്യമായി നെല്‍വയല്‍ സംരക്ഷിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരെ ഭരണകൂടവും ഉദ്യോഗസ്ഥരും മനപ്പൂര്‍വ്വം മറക്കുകയാണെന്ന് കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ നെല്‍ക്കര്‍ഷകരുടെ സംഗമം ചൂണ്ടിക്കാട്ടി.

ഒരു ഹെക്ടര്‍ നെല്‍വയല്‍ ഒരു വര്‍ഷം രണ്ടു കോടി ലിറ്റര്‍ ജലം ഭൂമിയിലേക്കിറക്കുന്നുണ്ടെന്നും സമീപങ്ങളിലെ കിണറുകളും കുളങ്ങളും തോടുകളും ജല സമൃദ്ധമാക്കുന്നതില്‍ വയലുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. അത്തരം നെല്‍വയലുകള്‍ സംരക്ഷിച്ചും മണ്ണ്, മണല്‍, ഭൂമി, ഉദ്യോസ്ഥ മാഫിയകളെ സധൈര്യം നേരിട്ടും നഷ്ടം സഹിച്ചും കൃഷി ചെയ്യുന്ന നെല്‍കര്‍ഷകര്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ കണക്കിലെടുത്ത് നെല്‍കൃഷി ചെയ്യുന്ന വയലിന് ആനുപാതികമായി കര്‍ഷകര്‍ക്ക് വേതനം നല്‍കണമെന്നും, നടീലിനും കൊയ്ത്തിനും തൊഴിലാളികളെ ലഭ്യമാക്കണമെന്നും കൃഷിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്നും കര്‍ഷക സംഗമം ആവശ്യപ്പെട്ടു.

ജൈവ വൈവിധ്യ മാധ്യമ അവാര്‍ഡ് ജേതാവ് ഡോ.ഇ.ഉണ്ണിക്കൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പി.മുരളി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.വി.രാജേന്ദ്രന്‍, വി.വി.ബാലന്‍, തമ്പാന്‍ വൈത്തടി, കെ.പി.ശ്രീധരന്‍, ദിനേശന്‍ കാട്ടുകുളങ്ങര, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, സി.നാരായണന്‍, ബല്ലാ പാടശേഖരം, നന്ദകുമാര്‍ കാസര്‍കോട്, വി.വിനയന്‍, പവിത്രന്‍ തോയമ്മല്‍, രാമകൃഷ്ണന്‍ വാണിയമ്പാറ എന്നിവര്‍ സംസാരിച്ചു.

കുടിവെള്ളവും അന്നവും നിലനിര്‍ത്താന്‍ നെല്‍വയലിനേയും നെല്‍കര്‍ഷകരെയും സംരക്ഷിക്കുക, നെല്‍വയലിനെയും നെല്‍കര്‍ഷകരെയും സംരക്ഷിക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജൂണ്‍ ഒന്ന്, രണ്ട് തീയ്യതികളില്‍ കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ 38 മണിക്കൂര്‍ സത്യാഗ്രഹസമരം നടത്താനുള്ള തീരുമാനത്തോടെ കര്‍ഷകസംഗമം സമാപിച്ചു.

KCN

more recommended stories