കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ നനയുന്നു

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളില്‍ പൂര്‍ണമായി മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വണ്ടി വരുമ്പോള്‍ മഴയത്ത് കുടകരുതിയാണ് യാത്രക്കാരുടെ നില്‍പ്പ്. ഫണ്ടില്ലാത്തതിന്റെ പേരില്‍ എ ക്ലാസ് റെയില്‍വേ സ്റ്റേഷനുകള്‍പോലും കടുത്ത അവഗണനയിലാണ്. പൂര്‍ണ മേല്‍ക്കൂരയ്ക്കുപകരം ഓരോ ഭാഗത്തായി ചെറിയ ഷെല്‍ട്ടര്‍ നിര്‍മിച്ച് കണ്ണില്‍ പൊടിയിടുകയാണ് റെയില്‍വേ ചെയ്യുന്നത്.
ഫണ്ടിന്റെ കുറവാണ് മേല്‍ക്കൂരനിര്‍മാണത്തിന് തടസ്സമായി റെയില്‍വേ പറയുന്നത്. മഴനനയാതെ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള അടിസ്ഥാന സൗകര്യമാണ് ഇതുമൂലം യാത്രക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നത്. പ്ലാറ്റ്ഫോമുകളില്‍ മിനി ഷെല്‍ട്ടര്‍ നിര്‍മിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എ ക്ലാസ് സ്റ്റേഷനായ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ത്തന്നെ പൂര്‍ണമായും മേല്‍ക്കൂരയില്ല. രണ്ടാംനമ്പര്‍ മുഴുവനും മേല്‍ക്കൂരനിര്‍മാണത്തിന് പദ്ധതി നിലവിലുണ്ട്. അത് പൂര്‍ത്തിയായിട്ടില്ല.
റിസര്‍വേഷന്‍ യാത്രക്കാര്‍ ഓഫീസിനുമുന്നിലെ ഭാഗത്ത് ഇരിക്കുകയാണ് ചെയ്യുന്നത്. വണ്ടിവരുമ്പോള്‍ അതത് കോച്ചുകളില്‍ ഓടിക്കയറും. എന്നാല്‍, ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറുന്നവര്‍ക്ക് മഴയ്ക്കും വെയിലിനും കുടതന്നെയാണ് ആശ്രയം.
എ ക്ലാസ് സ്റ്റേഷനുകളായ കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും സി ക്ലാസ് സ്റ്റേഷനുകളിലും ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളില്‍ ഭാഗികമായി മാത്രമാണ് ഷീറ്റിട്ട മേല്‍ക്കൂരയുള്ളത്.
ഫണ്ടിന്റെ പ്രശ്നം പരിഹരിക്കാന്‍ എം.പി. ഫണ്ട്, എം.എല്‍.എ. ആസ്തിവികസന ഫണ്ട് ഉപയോഗിക്കാം. ബേക്കല്‍ഫോര്‍ട്ട് വികസിപ്പിക്കാന്‍ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഒരുകോടി രൂപ ആസ്തിവികസന ഫണ്ടില്‍നിന്ന് നല്‍കുന്നത് വലിയൊരു മാതൃകയാണ്.

KCN

more recommended stories