ദില്ലി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദര്‍ശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരും. പാര്‍ലമെന്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഇരകള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് സന്നദ്ധപ്രവര്‍ത്തകരാലും സംഘടനകളാലുമാണ്. സ്‌പോണ്‍സര്‍മാരുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സാങ്കേതിക കാരണങ്ങള്‍ പറയുന്നു. വയനാടിന് പ്രത്യേക പാക്കേജാണ് ആവശ്യമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.