9 ജില്ലകളില്‍ സ്‌കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കി
തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രാവിലെ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി
ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേയിലുമായി മരണം 13 ആയി. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രാവിലെ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഒന്‍പത് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. രിഅതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. റെഡ്, ഓറഞ്ച് അലേര്‍ട്ട് ഒരിടത്തുമില്ല. ചെന്നൈ, കോയമ്പത്തൂര്‍ അടക്കം 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചെന്നൈ – നാഗര്‍കോവില്‍ വന്ദേഭാരത് അടക്കം 10 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. രാവിലെ 9:45ന് പുറപ്പെടേണ്ട ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസും (16127) റദ്ദാക്കിയവയിലുണ്ട്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയപ്പോള്‍ 10 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
ഫിന്‍ജാല്‍ ദുര്‍ബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. വിഴുപ്പുറം, കടലൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍ , കൃഷ്ണഗിരി, റാണിപ്പെട്ട് , തിരുപ്പത്തൂര്‍, ധര്‍മ്മഗിരി ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഏഴ് പേര്‍ കുടുങ്ങിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
വിഴുപ്പുറത്ത് പെട്രോളില്‍ വെളളം കലര്‍ന്നെന്ന പരാതിയെ തുടര്‍ന്ന് അടച്ചിട്ട പമ്പുകളില്‍ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയില്‍ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം ഇന്നും രക്ഷാദൌത്യം തുടരും.