അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ , രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഐടിയ്ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരി?ഗണിക്കുകയായിരുന്നു കോടതി. സംഭാവന തട്ടിപ്പില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം എന്നതാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം.

അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്‌തേക്കും. വരും ദിവസങ്ങളില്‍ എസ്‌ഐടി അയോധ്യ സന്ദര്‍ശിച്ച് കൂടുതല്‍ രേഖകള്‍ പരിശോധിക്കും. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള വിവാദത്തിനിടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിനായി ഉള്ള ആദ്യ യോഗം ചേര്‍ന്നിരുന്നു. ട്രസ്റ്റിന്റെ സെര്‍ച്ച് കമ്മിറ്റി ചേര്‍ന്ന യോഗത്തില്‍ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയും അന്തിമമാക്കി. സിഇഒ സ്ഥാനത്തേക്കുള്ള അപേക്ഷകള്‍ ഈ മാസം 18 വരെ സ്വീകരിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള മെയില്‍ ഐഡി ഉടന്‍ പുറത്തിറക്കുമെന്നും അറിയിച്ചു. വിരമിച്ച ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ടയേഴ്ഡ് ലെഫ്റ്റനന്റ് ജനറല്‍ വിഷ്ണുകാന്ത് ചതുര്‍വേദി, ശ്രീ സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ സുരേഷ് ഹവാരെ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മൂന്നംഗ സെര്‍ച്ച് കമ്മിറ്റി. ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും.

Scroll to Top