നിര്‍ണായക മത്സരത്തില്‍ ചെന്നൈയിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ചെന്നൈയിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന്റേത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ചെന്നൈയിന് എതിരെ ഹെസുസ് ഹിമിനെയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയിരുന്നു. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കേ വിങ്ങര്‍ കൊറോ സിങ്ങും രണ്ടാം പകുതിയില്‍ ക്വാമി പെപ്രയും ഗോള്‍ നേടി.
ചെന്നൈയിനായി വിന്‍സി ബരേറ്റോയാണ് ഒരു ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍ നേടിയത്. ചെന്നെയിന്‍ സ്‌ട്രൈക്കര്‍ ജോര്‍ദാന്‍ ഗില്ലിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയതോടെ പത്തുപേരായി ചുരുങ്ങിയാണ് കളിച്ചത്. ഐ.എസ്.എലില്‍ ഈ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വേഗമേറിയ ഗോളാണ് ഹിമിനെസിന്റേത്. രണ്ട് മിനിറ്റും ആറ് സെക്കന്‍ഡുകളും ആയപ്പോഴാണ് ഹിമിനെസിന്റെ ഗോള്‍.
മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് ജോര്‍ദാന്‍ ഗില്ല് റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്നത്. ബ്ലാസ്റ്റേഴ്സ് താരം ഡ്രിന്‍സിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റെഡ് കാര്‍ഡ് കണ്ടത്. ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാവില്ലെന്ന അവസ്ഥയായിരുന്നു.