Home National മോദി-ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്;

മോദി-ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്;

by KCN CHANNEL
0 comment

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വാഷിംഗ്ടണ്‍ ഡി സിയിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ട്രംപ് മോദിക്ക് അത്താഴ വിരുന്ന് നല്‍കാനും സാധ്യതയുണ്ട്.

ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫെബ്രുവരി 12 ന് വൈകിട്ട് വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തുന്ന മോദി ഫെബ്രുവരി 14 വരെ യുഎസ് തലസ്ഥാനത്ത് തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ കോര്‍പ്പറേറ്റ് നേതാക്കളുമായും സമൂഹവുമായും അദ്ദേഹം മറ്റ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഫെബ്രുവരിയില്‍ മോദി വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ ട്രംപ് നികുതി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച നടത്തുന്നത്. അതിനാല്‍ തന്നെ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരിക്കും കൂടിക്കാഴ്ചയില്‍ പ്രാധാന്യം നല്‍കുക. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും ഫോണില്‍ കൂടി സംസാരിച്ചിരുന്നു. കുടിയേറ്റം, വ്യാപാര ബന്ധങ്ങള്‍, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

യുഎസ്-ഇന്ത്യ പങ്കാളിത്തവും ഇന്തോ-പസഫിക് ക്വാഡ് സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇരു നേതാക്കളും ഊന്നല്‍ നല്‍കി. അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണള്‍ഡ് ട്രംപിന് മോദി ആശംസയറിയിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞിരുന്നു.

You may also like

Leave a Comment