ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പേരൂര്‍ക്കട എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പേരൂര്‍ക്കട എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാന്‍ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
മക്കളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോള്‍ താങ്ങാന്‍ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭര്‍ത്താവാണ് മാല വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായത് എന്നും ബിന്ദു പറഞ്ഞിരുന്നു. പൊലീസിനെതിരെ താന്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് പി ശശി പെരുമാറിയത് എന്നും ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തന്നെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ബിന്ദു ചെന്നത്. പരാതി വാങ്ങിയ പി ശശി അത് വായിച്ചുപോലും നോക്കിയില്ല. മാത്രമല്ല, പരാതി ഉണ്ടെങ്കില്‍ പൊലീസ് പിടിച്ചോളുമെന്നും പി ശശി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ പോകാന്‍ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താന്‍ പോയത് എന്നും കാര്യങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ നീതി ലഭിച്ചില്ല എന്നും ബിന്ദു പറഞ്ഞിരുന്നു.
എന്നാല്‍ ബിന്ദു തന്നെ കാണാനെത്തിയിരുന്നു എന്നും പരാതി വിശദമായി താന്‍ കേട്ടു എന്നും പി . പരാതി അവഗണിച്ചിട്ടില്ല എന്നുമായിരുന്നു പി ശശിയുടെ മറുപടി. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍ വാര്‍ത്തയെത്തുന്നത്.