കാസര്‍കോട് : കോലായ് പ്രസിദ്ധീകരിക്കുന്ന പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ആത്മകഥ ‘ഓര്‍മ്മകളുടെ പുഴയോരം’ 2024 ഓഗസ്റ്റ് 3 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പ്രകാശിപ്പിക്കും.
സാഹിത്യ വിമര്‍ശകനും, കോളമിസ്റ്റും, അധ്യാപകനും, ഗവേഷകനും, പ്രഭാഷകനും, ചിന്തകനുമായിരുന്ന പ്രൊഫ. ബേവിഞ്ച മാഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ അന്ന് അനുസ്മരണ സംഗമവും സംഘടിപ്പിക്കും.
സംഗമം, പ്രസ്തുത ആത്മകഥ പുസ്തകത്തിന്റെ മുഖ്യ രക്ഷാധികാരിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദാണ് പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നത്. ഖത്തര്‍ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എം. ലുക്മാനുല്‍ ഹക്കീം തളങ്കര പുസ്തകം ഏറ്റുവാങ്ങും.
പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവാണ് അനുസ്മരണ സംഗമത്തിന്റെ അധ്യക്ഷത വഹിക്കുന്നത്. പുസ്തകത്തിന്റെ എഡിറ്റര്‍ ഡോക്ടര്‍ സന്തോഷ് പനയാല്‍ ആണ്.
എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം അഷറഫ്, ഉദുമ മണ്ഡലം മുന്‍ എം.എല്‍.എ യും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ കെ.വി. കുഞ്ഞിരാമന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കലാ സാഹിത്യ മേഖലകളില്‍ നിന്നും നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിക്കും.
പുസ്തകത്തിന്റെ ഭൂരിഭാഗം കോപ്പികളും കേരളത്തിലെ ലൈബ്രറികളിലേക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളവും കണ്‍വീനര്‍ സ്‌കാനിയ ബെദിരയും
പ്രൊഫസ്സര്‍ ഇബ്രാഹിം ബെവിഞ്ച സ്മാരക ട്രസ്റ്റ് ഭാരവാഹികളായ ബേവിഞ്ച മാഷിന്റെ മക്കള്‍ ശിബിലി അജ്മല്‍, ശബാന, റിസ് വാന എന്നിവര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ നാസര്‍ ചെര്‍ക്കളം, സ്‌കാനിയ ബെദിര, രചന അബ്ബാസ്, ശബാന, റിസ് വാന, ഹസ്സൈനാര്‍ തോട്ടുംഭാഗം, അബു പാണളം എന്നിവര്‍ സംബന്ധിച്ചു.