Saturday, September 21, 2024
Home National ചരിത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനില്‍

ചരിത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനില്‍

by KCN CHANNEL
0 comment

കീവ്: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോവില്‍ നിന്നാണ് മോദി യാത്ര തുടങ്ങിയത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും.

റഷ്യ – യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ – റഷ്യ ബന്ധം യുക്രൈനില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുമ്പോഴാണ് മോദിയുടെ യാത്ര. യുക്രൈനിലെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് നരേന്ദ്ര മോദി കീവില്‍ എത്തുന്നത്.

നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയായി വര്‍ത്തിക്കുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തവും ഊര്‍ജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോയിലെ സൈനിക വിമാനത്താവളത്തില്‍ നരേന്ദ്ര മോദി എത്തിയത്. പോളിഷ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാര്‍ത്ഥികളെ സ്വീകരിച്ച ഇന്ത്യന്‍ രാജാക്കന്‍മാര്‍ക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു. 45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്.

You may also like

Leave a Comment