Saturday, September 21, 2024
Home Kerala താത്കാലിക വീടുകളില്‍ കഴിയുന്നവരുടെ വാടക ഓണത്തിന് മുമ്പ് നല്‍കുമെന്ന് മന്ത്രി; വൈത്തിരി താലൂക്കില്‍ ജപ്തി നടപടിയില്ല

താത്കാലിക വീടുകളില്‍ കഴിയുന്നവരുടെ വാടക ഓണത്തിന് മുമ്പ് നല്‍കുമെന്ന് മന്ത്രി; വൈത്തിരി താലൂക്കില്‍ ജപ്തി നടപടിയില്ല

by KCN CHANNEL
0 comment

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താത്ക്കാലിക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള വാടക ഓണത്തിന് മുമ്പ് നല്‍കുമെന്ന് റെവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ചുണ്ടേല്‍ സ്‌കൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. താത്ക്കാലിക വീടുകളില്‍ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകള്‍ മുഖേന നല്‍കുന്നതിന് വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങള്‍ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്.

ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹല്‍സിദാര്‍, താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്ന് അംഗ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 24 പേര്‍ സ്വന്തം വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. മാറിതാമസിച്ചവരുടെ മുഴുവന്‍ ലിസ്റ്റ് തയ്യാറാക്കി ഓണത്തിന് മുമ്പ് ഇവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ കുടിശ്ശിക നല്‍കാന്‍ ഉണ്ടെങ്കില്‍ അത് നല്‍കും. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സംസ്‌കാരത്തിനായി 173 പേര്‍ക്ക് ധനസഹായം നല്‍കി. അടിയന്തര സഹായമായി നല്‍കുന്ന 10000 രൂപ വീതം 931 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ധനസഹായം നല്‍കാനുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കില്‍ ഓണത്തിനകം ലഭ്യമാക്കും. ഒരു മാസം 300 രൂപ വീതം നല്‍കുന്ന സര്‍ക്കാരിന്റെ നയപ്രകാരം 829 കുടുംബങ്ങള്‍ക്കും ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 706 കുടുംബങ്ങള്‍ക്കും നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ മുഖേന ദുരന്ത മേഖലയിലെ 1009 കുടുംബങ്ങളില്‍ മൈക്രോ സര്‍വ്വെ നടത്തി. കൃഷി, വിദ്യാഭ്യാസം, എം.എസ്.എം.ഇ, വാഹനം ഉള്‍പ്പെടെ 1749 ലോണുകളാണ് നിലവിലുള്ളത്. വൈത്തിരി താലൂക്കിലെ ജപ്തി നടപടികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ലോണുകള്‍ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരോട് സംസാരിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഒരുക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ട് പ്രകാരം താമസയോഗ്യമല്ലാത്ത വീടുകളുടെ വിവരങ്ങളും പൊതു സമൂഹത്തിനു മുമ്പില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ലഭ്യമായ ഭൂമികള്‍ കളക്ടര്‍ നേതൃത്വത്തില്‍ പരിശോധന നടത്തും. സ്ഥലങ്ങളുടെ വിവിധങ്ങളായ സാധ്യതകള്‍ കണ്ടെത്തി ഏറ്റവും അനുയോജ്യമായത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കും. ദുരന്ത സ്ഥലത്ത് ഇനിയും തിരിച്ചില്‍ നടത്താന്‍ ആവശ്യപ്പെട്ടാല്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment