തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് നല്‍കും. അന്‍വറിന്റെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിര്‍ണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നാണ് തീരുന്നത്.
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. അനധികൃത സാമ്പത്തിക സമ്പാദനവും, മരംമുറിയും വിജിലന്‍സിന് കൈമാറി. പൂരം അട്ടിമറിയും, ഫോണ്‍ ചോര്‍ത്തലും ഇതിനകം തന്നെ റിപ്പോര്‍ട്ടായി സര്‍ക്കാരിന് മുന്നിലുണ്ട്. ഏറ്റവുമൊടുവിലാണ് എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. മാമി തിരോധാന കേസ് രണ്ട് പ്രാവശ്യം എഡിജിപി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. തുടക്കത്തില്‍ തന്നെ തിരോധാനത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളുണ്ടായിട്ടും അന്വേഷണ സംഘം അത് ശേഖരിച്ചില്ല. കോഴിക്കോട് കമ്മീഷ്ണറുടെ കീഴിലുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. വീണ്ടും ഡിജിപിക്ക് പരാതി വന്നപ്പോഴാണ് എഡിജിപി നേരിട്ട് അന്വേഷണം പരിശോധിച്ചത്. പക്ഷേ എന്നിട്ടും അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ല. ഇത് സംബന്ധിച്ച് റിപ്പോട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.
പൂരം കലക്കലില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണത്തിന് ഡിജിപി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ക്രമസമാധാന ചുമതലയില്‍ എംആര്‍ അജിത് കുമാര്‍ തുടരുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ ഡിജിപിയുടെ നിഗമനമാകും. കൂടിക്കാഴ്ച വ്യക്തിപരമെന്ന് എഡിജിപി ന്യായീകരിച്ചിട്ടുണ്ട്. രണ്ട് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് സഹായിച്ച എഡിജിപിയുടെ സുഹൃത്തും ആര്‍എസ്എസ് നേതാവുമായി ജയകുമാര്‍ മൊഴി നല്‍കിയിട്ടില്ല. എഡിജിപി സ്വയം സമ്മതിച്ച സാഹചര്യത്തില്‍ സാഹചര്യ തെളിവുകള്‍ അനുസരിച്ച് കൂടിക്കാഴ്തയില്‍ സംശയങ്ങളുന്നയിച്ച് റിപ്പോര്‍ട്ട് നല്‍കാം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് വീഴ്വരുത്തി എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെങ്കില്‍ നടപടിയെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്നത്. കൂടിക്കാഴ്ചയില്‍ ചട്ടലംഘനം ഉണ്ടായതായി ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്ന് എല്‍ഡിഎഫിലെ ഘടകക്ഷികളും ഒറ്റുനോക്കുന്നത്. അന്വേഷണ സംഘത്തിലുള്ള തൃശൂര്‍ റെയ്ഞ്ച് ഡിഐജി ഉള്‍പ്പെടെ നാല് അംഗങ്ങള്‍ തലസ്ഥാനത്ത് കഴിഞ്ഞ് മൂന്നു ദിവസമായി ക്യാമ്പ് ചെയ്താണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. ഈ റിപ്പോര്‍ട്ടിലാണ് ഡിജിപി സ്വന്തം അഭിപ്രായം രേഖപ്പെടുത്തി നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പുറത്ത് ഇന്ന് തന്നെ അജിത് കുമാറിനെതിരെ നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ.