രഞ്ജി ട്രോഫി: രാജസ്ഥാനെതിരെ കേരളം ശക്തമായ നിലയില്‍

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. കരാര്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്സേനയുടെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് മേധാവിത്വം നല്‍കിയത്.

രാജസ്ഥാന്റെ ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍വീഴ്ത്തിയ സക്സേന രണ്ട് ഇന്നിംഗ്സുകളിലും അര്‍ദ്ധ സെഞ്ച്വറിയും നേടി. രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ (81) നില്‍ക്കുന്ന സക്സേന സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. ഒപ്പം സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയുമായി സഞ്ജു സാംസണും (59) ക്രീസിലുണ്ട്. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ സക്‌സേന 79 റണ്‍സ് നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 335 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ സക്സേന ആഞ്ഞടിച്ചപ്പോള്‍ രാജസ്ഥാന്‍ 243 റണ്‍സിന് പുറത്തായി. കേരളത്തിന് ലഭിച്ചത് 92 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴിയുള്ള വിലപ്പെട്ട മൂന്ന് പോയിന്റ് കേരളത്തിന് ലഭിക്കും.
33.3 ഓവറില്‍ 85 റണ്‍സ് വഴങ്ങിയാണ് സക്സേന എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളം മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 174 എന്ന നിലയിലാണ്. ഇതോടെ കേരളത്തിന് മൊത്തം 266 റണ്‍സിന്റെ ലീഡായി. ഒരു ദിനം മാത്രം ശേഷിക്കെ കേരളത്തിന്റെ വിജയസാധ്യത വിദൂരമാണ്.

KCN

more recommended stories