14 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: അമ്മ ജയമോളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം: കൊല്ലം കുരീപ്പള്ളിയില്‍ 14 കാരന്റെ മൃതദേഹം കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ജിത്തു ജോബിന്റെ മൃതദേഹമാണ് വീട്ടുപറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ജിത്തുവിന്റെ അമ്മ ജയമോളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. അതേസമയം, സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ തുടരുകയാണ്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസിപി സതീഷ് ചന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജയമോള്‍ പൊലീസിന് മുന്നില്‍ മൊഴി മാറ്റി. മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ഏറ്റവും ഒടുവില്‍ ജയമോള്‍ നല്‍കിയിരിക്കുന്ന മൊഴി. മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദുഖമില്ലെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍തൃമാതാവുമായി തര്‍ക്കിച്ചതിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഇവര്‍ മൊഴി നല്‍കിയിരുന്നത്.

ജിത്തുവിന്റെ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്ന് പൊലീസ് വീട്ടുപരിസരത്ത് വിശദമായ പരിശോധന തുടരുകയാണ്. ജയമോളുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. ശരീരഭാഗങ്ങള്‍ വീട്ടുപരിസരത്ത് തന്നെ ഒളിപ്പിച്ചെന്നാണ് ജയമോള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജയമോളുടെ മൊഴിയില്‍ പൊലീസ് സംശയം പ്രകടിപ്പിക്കുന്നത്. മാത്രവുമല്ല, കൃത്യം താന്‍ സ്വയം ചെയ്‌തെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതും പൊലീസ് വിശ്വസിച്ചിട്ടില്ല.

ജനുവരി 15 നാണ് ജിത്തുവിനെ വീട്ടില്‍ നിന്നും കാണാതാകുന്നത്. തുടര്‍ന്ന് ജയമോള്‍ മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയില്‍ സ്‌കെയില്‍ വാങ്ങാന്‍ പോയ മകന്‍ തിരികെ വന്നില്ലെന്നായിരുന്നു ജയ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ 17 ന് വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന് കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈയില്‍ കണ്ട പൊള്ളല്‍ പാടുകളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്. ചോദ്യം ചെയ്യലില്‍ ജയ കുറ്റം സമ്മതിച്ചു. ഭര്‍തൃമാതാവുമായി ജിത്തു ഓഹരിവിഹിതം സംബന്ധിച്ച് തര്‍ക്കിച്ചെന്നും തുടര്‍ന്ന് താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ജയ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണവും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

KCN