കഥ മോഷ്ടിച്ചെന്ന് ആരോപണം; മഞ്ജുവാര്യര്‍ ചിത്രം ‘മോഹന്‍ലാലി’ന് സ്റ്റേ

തൃശൂര്‍: മഞ്ജു വാര്യരെ നായികയാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ സിനിമയുടെ റിലീസ് തൃശൂര്‍ ഫാസ്‌റ്റ്ട്രാക്ക് കോടതി സ്റ്റേ ചെയ്തു. തന്റെ കഥ മോഷ്ടിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഏപ്രില്‍ 13ന് വിഷു റിലീസായാണ് ചിത്രം പുറത്തിറങ്ങേണ്ടിയിരുന്നത്.

തന്റെ കഥാസമാഹാരമായ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്നതിനെ അനുകരിച്ചാണ് സിനിമ ഒരുക്കിയതെന്നാണ് കലവൂര്‍ രവികുമാറിന്റെ ആരോപണം. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ‘മോഹന്‍ലാല്‍’ തന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും തനിക്ക് പ്രതിഫലം നല്‍കാനും കഥയുടെ അവകാശം നല്‍കാനും വിധിക്കുകയും ചെയ്തതായും രവികുമാര്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി മുന്നോട്ടുപോവുകയാണെന്നും രവികുമാര്‍ ആരോപിച്ചിരുന്നു.

മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹന്‍ലാലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് വേഷമിടുന്നത്.

KCN

more recommended stories