പരമ്പരാഗത ശില്‍പികളുടെ സംഗമവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

ബങ്കളം: പരമ്പരാഗത കൂട്ട നെയ്ത് തൊഴിലാളികള്‍ ക്ഷേത്രോത്സവത്തിന് ആവശ്യമായ കൂട്ടയും പായയും നെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്ന ദേവസ്വം സഹകരണ വകുപ്പ് മന്ത്രി തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും ചോദിച്ചറിഞ്ഞു. തെക്കന്‍ ബങ്കളം ശ്രീ രക്തേശ്വരി പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരമ്പരാഗത ശില്‍പികളുടെ സംഗമവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് കുട്ടനെയ്ത്ത്ത തൊഴിലാളികളുടെ കരവിരുതില്‍ ആകൃഷ്ടനായി കൂട്ടനെയ്ത് കൗതുകത്തോടെ വീക്ഷിച്ചത്.

കൂട്ടനെയ്യാനുള്ള അസംസ്‌കൃത വസ്തുക്കള്‍ കിട്ടാത്തത് ഈ പാരമ്പര്യ കുലതൊഴിലിനെ തകര്‍ച്ചയുടെ വക്കത്ത് എത്തിച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ മന്ത്രിയോട് സങ്കടം നിരത്തി. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കാമെന്ന് അദ്ദേഹം തൊഴിലാളികള്‍ക്ക് ഉറപ്പും നല്‍കി. പിന്നീട് ഉദ്ഘാടന ചടങ്ങില്‍വെച്ച് കൂട്ടനെയ്ത്ത് ഉപജീവനമാക്കിയ മൂവ്വാരി-മുഖാരി സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഇത് സംബന്ധിച്ച് കിര്‍ത്താഡ്‌സില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും താമസിയാതെ തന്നെ ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ചടങ്ങില്‍ ക്ഷേത്രം പ്രസിഡണ്ട് ഇ വി അമ്പു അധ്യക്ഷം വഹിച്ചു.
ഉദുമ എംഎല്‍എ കെ കുഞ്ഞുരാമന്‍, മടിക്കൈ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ, പഞ്ചായത്ത് മെമ്പര്‍ രുഗ്മിണി, പ്രകാശന്‍ വി, നാരായണന്‍ പി, അനില്‍ ബങ്കളം, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി ഇ ഷാജിത്ത്, ഗോപാലന്‍ മനിയേരി, പി വി ഗണേഷന്‍, ശശി പാണ്ടിക്കോട്ട്, പി വി തുളസിരാജ്, എം സി ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി വി ഉപേന്ദ്രന്‍ സ്വാഗതവും സി വി രതീഷ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ മന്ത്രി ആദരിച്ചു. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് രക്തേശ്വരി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ ബ്രഹ്മ കലശവും കളിയാട്ട മഹോത്സവവും വിവിധ പരിപാടികളോടെ നടക്കുന്നത്.

KCN

more recommended stories