സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തയാളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടന്‍

കൊച്ചി : കത്വവ പീഡനത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെയുള്ള ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ്. ക്രൈംബ്രാഞ്ചിന്റെ ഹൈടെക് സെല്ലാണ് കൊച്ചി സ്വദേശിയെ കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റ് ആദ്യം ഇട്ടത് ഇയാളാണെന്നും പിന്നീട് ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യും.

ഇയാളെ കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ച മറ്റ് 20 പേര്‍ കൂടി നിരീക്ഷണത്തിലാണ്. അറസ്റ്റ് ചെയ്യപ്പെടാനിരിക്കുന്ന കൊച്ചി സ്വദേശിയുടെ പക്കല്‍ നിന്ന് വര്‍ഗ്ഗീയ ചേരിതിരിവിന് കാരണമാകുന്ന തരത്തിലുള്ള ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ നടന്ന ഹര്‍ത്താലില്‍ മലബാര്‍ മേഖലയില്‍ വ്യാപക അക്രമമുണ്ടായിരുന്നു. രണ്ടായിരത്തോളം പേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രമസമാധാന വിഷയം പരിഗണിച്ച് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസ് കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെയുള്ള അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതിന് അനുവദിക്കില്ലെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

KCN

more recommended stories