15ാം തവണയും ഡക്കിന് പുറത്ത്; നാണക്കേടിന്റെ റെക്കോഡുകളുമായി വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും കോലിയുടെ പേരിലെത്തി.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി നാലാം സ്ഥാനത്തെത്തി. ഏകദിനത്തില്‍ ഇത് പതിനഞ്ചാം തവണയാണ് താരം അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിടുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍(20), യുവരാജ് സിങ്ങ്(18), സൗരവ് ഗാംഗുലി(16) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

വിന്‍ഡീസിനെതിരായ മൂന്നു ഏകദിനത്തിലും ബാറ്റിങ്ങില്‍ കോലി പരാജയപ്പെട്ടു. രണ്ടാം ഏകദിനത്തില്‍ നേടിയ 18 റണ്‍സാണ് പരമ്പരയിലെ ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റില്‍ കോലി ആകെ നേടിയത് 26 റണ്‍സാണ്. മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ താരത്തിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലും ഇതു തന്നെയാണ്.

ഒരു അര്‍ധ ശതകം പോലുമില്ലാതെ 2015-ന് ശേഷം ഇത് ആദ്യമായാണ് കോലി ഒരു ഏകദിന പരമ്പര അവസാനിപ്പിക്കുന്നത്. 2019-ന് ശേഷം സെഞ്ചുറി നേടാനും താരത്തിന് കഴിഞ്ഞിട്ടില്ല. സെഞ്ചുറിയില്ലാത്ത കോലിയുടെ തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന പരമ്പരയാണ് ഇത്. 2020 മുതല്‍ ഇതുവരെ കോലി ഏഴാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.

KCN

more recommended stories