ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു

വാസ്‌കോ: ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) സെമിഫൈനലിലേക്കുള്ള വരവ് വെറുതെയല്ലെന്ന് ഇവാന്‍ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചു. സെമിയിലെത്തിയാല്‍ ഫൈനല്‍ കളിക്കണമെന്ന ‘നിര്‍ബന്ധം’ ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്ലാസ്റ്റേഴ്‌സ് ചേര്‍ത്തു പിടിച്ചതോടെ, കരുത്തരായ ജംഷഡ്പുര്‍ എഫ്‌സിയെ വീഴ്ത്തി മഞ്ഞപ്പട ഫൈനലില്‍. ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയില്‍ ജംഷഡ്പുരിനെ 11ന് സമനിലയില്‍ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം. ഇതോടെ ഇരുപാദങ്ങളിലുമായി 21ന്റെ ലീഡ് നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലില്‍ മൂന്നാം ഫൈനലിന് യോഗ്യത നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ അഡ്രിയന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ജംഷഡ്പുരിന്റെ വിവാദത്തിന്റെ ചുവയുള്ള സമനില ഗോള്‍ 50ാം മിനിറ്റില്‍ പ്രണോയ് ഹാള്‍ദര്‍ നേടി. ആദ്യപാദത്തിലെ ഗോള്‍കൂടി ചേര്‍ത്ത് 21ന്റെ ലീഡോടെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇരുപകുതികളിലുമായി അല്‍വാരോ വാസ്‌ക്വസും ഹോര്‍ഹെ പെരേര ഡയസും ചില സുവര്‍ണാവസരങ്ങള്‍ പാഴാക്കിയത് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെങ്കിലും കാലിടറാതെ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കാലുറപ്പിച്ചു. ഇനി ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സെമിഫൈനല്‍ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

ലീഗ് ഷീല്‍ഡ് വിന്നേഴ്‌സ് എന്ന പകിട്ടുമായെത്തിയ ജംഷഡ്പുര്‍ എഫ്‌സിയെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് കലാപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി സഹല്‍ അബ്ദുല്‍ സമദ് ഇത്തവണ മത്സരത്തിനു തൊട്ടുമുന്‍പ് പരുക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്‌സിനെ ക്ഷീണിപ്പിച്ചില്ല. ആദ്യപകുതിയില്‍ പൊതുവെ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു. മൂന്നു ഗോളെങ്കിലും നേടേണ്ട സ്ഥാനത്താണ് ഒരു ഗോള്‍ ലീഡുമായി ബ്ലാസ്റ്റേഴ്‌സ് ഇടവേളയ്ക്കു കയറിയത്.

അതേസമയം, രണ്ടാം പകുതിയില്‍ കടുത്ത പോരാട്ടം കാഴ്ചവച്ച ജംഷഡ്പുരിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും മറുമരുന്ന് കണ്ടെത്തിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ അവസരം ലഭിച്ചെങ്കിലും കൂടുതല്‍ ആക്രമിച്ചു കളിച്ചത് ജംഷഡ്പുരായിരുന്നു. ഗോളിനായി അവര്‍ കയ്യും മെയ്യും മറന്നു പോരാടിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്കു വലിഞ്ഞു. തിരമാലകള്‍പോലെ ജംഷഡ്പുര്‍ താരങ്ങള്‍ തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം ആക്രമിച്ചെങ്കിലും ലെസ്‌കോവിച്ചിന്റെ നേതൃത്വത്തില്‍ അവര്‍ പിടിച്ചുനിന്നു. ഇടയ്ക്ക് കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചില സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഹോര്‍ഹെ പെരേര ഡയസിന് അതു മുതലാക്കാനുമായില്ല.

പോരാട്ടം കനത്ത് വീറും വാശിയും കൂടിയതോടെ താരങ്ങളെയും പരിശീലകരെയും നിലയ്ക്കു നിര്‍ത്താന്‍ റഫറിക്ക് പലതവണ ഇടപെടേണ്ടി വന്നു. ഇടയ്ക്ക് ഗോള്‍വരയ്ക്കു പുറത്ത് സൈഡ് റഫറിയോട് കയര്‍ത്ത ജംഷഡ്പുര്‍ പരിശീലകന്‍ ഓവന്‍ കോയലിന് ആദ്യപകുതിയിലും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് രണ്ടാം പകുതിയിലും റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. അവസാന നിമിഷങ്ങളില്‍ മത്സരം വൈകിപ്പിക്കാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ്ങിനും കിട്ടി മഞ്ഞക്കാര്‍ഡ്.

KCN

more recommended stories