മലയാളിക്ക് സ്വന്തം നാടിനോളം അടുപ്പമുള്ള ഇടമായ ഖത്തറിന് ഇന്ന് ദേശീയ ദിനം.

കുവൈത്ത് അമീറിന്റെ വിയോഗത്തെത്തുടര്‍ന്ന് ആഘോഷങ്ങള്‍ മാറ്റിവെച്ച് നിശബ്ദമായ അന്തരീക്ഷത്തിലാണ് ദേശീയ ദിനം കടന്നുപോകുന്നത്. ഫുട്‌ബോള്‍ ലോകകപ്പിന്റെ മികച്ച സംഘാടനം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഓര്‍മ്മകള്‍ ഇന്നും ഖത്തറിനെ വിട്ടുപോയിട്ടില്ല.

കലണ്ടറൊരു 12 മാസം പിന്നിലോട്ട് മറിച്ചാല്‍, അവിടെ സ്വര്‍ണപ്രഭയില്‍ തിളങ്ങുന്ന ലുസൈല്‍ സ്റ്റേഡിയം കാണാം. മൈതാന മധ്യത്തില്‍ ലിയോണല്‍ മെസിയെന്ന നായകന്‍ ചിരിച്ച് കൊണ്ട് അവിടെ നില്‍ക്കുകയാണ്. ലോക ഫുട്‌ബോള്‍ കിരീടം ആകാശത്തേക്കുയര്‍ത്തിയത് കാണാം. ലോകമൊന്നായി വന്നിറങ്ങി, ആ കിരീടധാരണം കണ്ടു മടങ്ങുമ്പോള്‍ ഖത്തറെന്ന രാജ്യം സംഘാടന മികവിന്റെ കിരീടം കൂടി ഒപ്പമുയര്‍ത്തി അന്ന്.
വിശ്വാസമര്‍പ്പിക്കാന്‍ മടിച്ച ലോകത്തിന് മുന്നില്‍ രാജ്യത്തെ ആ കിരീടം ചൂടിച്ചത് നായകന്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ്. അന്ന് ഡിസംബര്‍ പതിനെട്ടായിരുന്നു. ഖത്തറെന്ന രാജ്യം ഒന്നായിത്തീര്‍ന്ന ഐക്യത്തിന്റെ ദിനം, ഖത്തര്‍ ദേശീയ ദിനം. രണ്ട് ആഘോഷങ്ങളിലും ഒരുപോലെ നിറഞ്ഞത് മലയാളികളാണ്. ഇന്നും ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ ഖത്തറിനെ വിട്ടുപോയിട്ടില്ല.

പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് വലിയ പരിഗണനയാണ് ലോകകപ്പിലും രാജ്യത്തിന്റെ ഓരോ മേഖലയിലും ഖത്തര്‍ നല്‍കിയത്. ഓരോ ദേശീയ ദിനത്തിലും വളര്‍ച്ചയില്‍ ഒപ്പം നിന്ന ഖത്തറും മലയാളികളും തമ്മിലുള്ള ഈ ബന്ധം കൂടുതല്‍ ദൃഢമാകുന്നുണ്ട്. ഈ ദേശീയദിനം കടന്നുപോകുമ്പോള്‍ പുതിയൊരു ദൗത്യത്തിലാണ് രാജ്യം. ഗാസയില്‍ വെടിയൊച്ചകളവസാനിപ്പിക്കാന്‍ വിശ്രമമില്ലാത്ത മധ്യസ്ഥ ഇടപെടലുകള്‍ നടത്തുന്നുണ്ട്. കുവൈത്ത് അമീറിന്റെ വിയോഗത്തെത്തുടര്‍ന്ന് ആഘോഷ പരിപാടികള്‍ മാറ്റിവെച്ചാണ് ദേശീയ ദിനം കടന്നുപോകുന്നത്.

KCN

more recommended stories