അരാംകോ തീപിടുത്തം: പരുക്കേറ്റ ജീവനക്കാര്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം

milano-copyറിയാദ്: സൗദി അരാംകോ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ അഗ്‌നിബാധയില്‍ പരുക്കേറ്റ ജീവനക്കാര്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കാന്‍ ഡെപ്യൂട്ടി കിരീടാവകാശിയും സൗദി അരാംകോ സുപ്രീം കൗണ്‍സില്‍ പ്രസിഡന്റുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കി. അഗ്‌നിബാധയില്‍ രണ്ട് പേര്‍ മരിക്കുകയും പതിനാറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരുക്കേറ്റ ജീവനക്കാര്‍ക്ക് വിദേശങ്ങളിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കാന്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശം നല്‍കി. സാഹസികമായി സഹപ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയ അരാംകൊ ജീവനക്കാരന്‍ സത്താം അല്‍അനസിയുടെ ധീരതയെ ഉപകിരീടാവകാശി അഭിനന്ദിച്ചു. സത്താം അല്‍അരനസിക്ക് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാരിതോഷികവും പ്രഖ്യാപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാദിനടുത്ത് അല്‍ വസീഅ് റിഫൈനറിയില്‍ അഗ്നിബാധയുണ്ടായത്.
സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ സത്താം അല്‍ അനസിയുടെ ധീരതയില്‍ അഭിമാനിക്കുന്നതായി സൗദി അരാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എഞ്ചിനീയര്‍ അമീന്‍ അല്‍നാസിര്‍ പറഞ്ഞു. ആറ് സഹപ്രവര്‍ത്തകരെയാണ് സത്താം അല്‍അനസി രക്ഷപ്പെടുത്തിയത്. പൊള്ളലേറ്റ യുവാവ് റിയാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സത്താം ഉള്‍പ്പടെയുളള മുഴുവന്‍ ജീവനക്കാരെയും ആവശ്യമെങ്കില്‍ വിദേശ രാജ്യങ്ങളില്‍ വിദഗ്ദ ചികിത്സ നല്‍കാനാണ് ഉപ കിരീടാവകാശി നിര്‍ദേശം നല്കിയത്.

 

KCN

more recommended stories