സംസ്ഥാനത്തെ രണ്ട് സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കി

ദില്ലി: സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 180 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവിടെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. കോളേജുകള്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഇതിന് കോളേജ് മാനേജ്‌മെന്റുകളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയ്ക്കാണ് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ ഈ വര്‍ഷം എം.ബി.ബി.എസ് പ്രവേശനം നടത്തിയത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവേശനം നടത്തിയതെന്ന് കണ്ടെത്തി നേരത്തെ ഇവിടേക്കുള്ള പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ആദ്യം കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവിടെയും കേസ് തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. കേന്ദ്രീകൃത കൗണ്‍സിലിങ് വഴിയല്ല പ്രവേശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കിയത്. കരുണ മെഡിക്കല്‍ കോളേജിലെ 30 സീറ്റുകളിലെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ 150 സീറ്റുകളിലെയും പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.

രണ്ട് കോളേജുകളും പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇത് കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്തു. പ്രവേശനം റദ്ദാക്കിയ 180 സീറ്റുകളും ഈ വര്‍ഷം ഒഴിഞ്ഞുകിടക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കരുണ മെഡിക്കല്‍ കോളേജില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവേശിപ്പിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് പകരം ജയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ച 30 വിദ്യാര്‍ത്ഥികളെ അടുത്ത വര്‍ഷം പ്രവേശിപ്പിക്കണം. കേസിന്റെ വാദത്തിനായി രണ്ട് കോളേജുകളും കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന് കോടതി വ്യക്തമാക്കി. ഇതിന് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വ്യാജരേഖകള്‍ കോടതിയില്‍ നല്‍കിയത് ഞെട്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ കോളേജുകളുടെ വാദം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വിധിക്കുകയായിരുന്നു.

KCN

more recommended stories