നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം: അടിയന്തര നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. 2016 ജനുവരി മുതല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പിടിവാശി മൂലം അനന്തമായി നീളുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
സാധാരണ തൊഴിലാളികള്‍ക്ക് പോലും 800 മുതല്‍ 1000 രൂപ വരെ പ്രതിദിനം വേതനം ലഭിക്കുമ്പോള്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത് പരമാവധി 350 രൂപയാണ്. ഇതുമൂലം വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നഴ്‌സുമാര്‍ പെടാപ്പാട് പെടുകയാണ്. സ്വകാര്യ ആശുപത്രികള്‍ പലപ്പോഴും നഴ്‌സിംഗ് ചാര്‍ജിനത്തില്‍ രോഗിയില്‍ നിന്ന് പ്രതിദിനം 500 മുതല്‍ 3000 രൂപ വരെ ഈടാക്കുമ്പോഴാണ് തുച്ഛവേതനം നല്‍കി നഴ്‌സുമാരെ കബളിപ്പിക്കുന്നത്.
സുപ്രീംകോടതി നിര്‍ദ്ദേശിച്ച കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് നല്‍കേണ്ട മിനിമം വേതനമായ 20,000 രൂപ പോലും പ്രതിമാസം നല്‍കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറാവുന്നില്ല. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഈ കൊടിയ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും വി.എസ് ആവശ്യപ്പെട്ടു

KCN

more recommended stories