ഇതരസംസ്ഥാന ബോട്ടുകള്‍ കേരളതീരം വിടണം
കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു
ഈ മാസം ഒമ്പതിന് അര്‍ദ്ധരാത്രി 12 മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി 12 വരെയുള്ള 52 ദിവസ കാലയളവില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം നടപ്പിലാക്കും ഇതുമായി
ബന്ധപ്പെട്ട് ഇതരസംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും.
എഡിഎം കെ വി ശ്രുതിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ ലബീബ് നടപടികള്‍ വിശദീകരിച്ചു.
മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പെട്രോളിങ്ങിനുമായി മഞ്ചേശ്വരം, മടക്കര ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രണ്ട് രക്ഷാ ബോട്ടുകള്‍ സജ്ജീകരിക്കുന്നതിനുള്ള ക്വട്ടേഷന്‍ നടപടികള്‍ അംഗീകാരത്തിനായി ഫിഷറീസ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഒരു ഫൈബര്‍ തോണി അനുവദിച്ചു. ഫിഷറീസ് റെസ്‌ക്യു യൂണിറ്റ് എന്ന നിലയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 12സീ റെസ്‌ക്യൂ ഗാര്‍ഡുമാരെയും മൂന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ നാല് റസ്‌ക്യൂ ഗാര്‍ഡ് മാരെ കൂടി നിയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പെട്രോളിങ്ങിനുമായി 10 പോലീസ് സേനാംഗങ്ങളുടെ സേവനം കൂടി ലഭ്യമാക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ വിഴിഞ്ഞം, വൈപ്പിന്‍,ബേപ്പൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഉത്തരമേഖലയിലെ ജില്ലകള്‍ക്ക് വേണ്ടി ബേപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കാരുണ്യ ‘ മറൈന്‍ ആംബുലന്‍സ് ഉപയോഗിക്കാവുന്നതാണ്. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും ട്രോളിംഗ് നിരോധനത്തിനുശേഷം നിയമവിരുദ്ധമായി
ഇതര സംസ്ഥാന ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ കൂടാതെ മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മഞ്ചേശ്വരം ഹാര്‍ബറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം. കാസര്‍കോട് ജില്ലയില്‍ അടിയന്തരമായി മറൈന്‍ ആംബുലന്‍സ് സംവിധാനം നടപ്പിലാക്കണം.
കാസര്‍കോട് ജില്ലയില്‍ 57 യന്ത്രവല്‍കൃത ട്രോളിംഗ് ബോട്ടുകളും 72 ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വഞ്ചികളും 1305 ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും 257 എന്‍ജിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം ആകെ 1691 യാനങ്ങളാണ് നിലവില്‍ മത്സ്യബന്ധനം നടത്തിവരുന്നത്. 10092 മത്സ്യത്തൊഴിലാളികള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ടി നാരായണന്‍ , മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ ആര്‍. ഗംഗാധരന്‍, കെ ബാബു, കാറ്റാടി കുമാരന്‍, ചെറുതോണി സംഘടന സെക്രട്ടറി ആസിഫ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഷെരീഫ് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് എസ് ഐ പി ജെ വില്‍സണ്‍,കുമ്പള കോസ്റ്റല്‍ പോലീസ് എസ് ഐ ബി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു ഫിഷറീസ്, തുറമുഖ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, പോലീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടന, ട്രേഡ് യൂണിയന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.




