ജമ്മു കശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങളില്‍ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മന്ത്രാലയ സമിതി ഇന്ന് സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തും. ആറ് ആഴ്ച്ചയ്ക്കിടെ 16 പേരാണ് പ്രദേശത്ത് ന്യൂറോടോക്‌സിന്‍ ബാധയെ തുടര്‍ന്ന് മരിച്ചത്. ജമ്മുകശ്മീരിലെ രജോരി ജില്ലയിലെ ബുധല്‍ ഗ്രാമത്തിലാണ്, തുടര്‍ച്ചയായുള്ള മരണങ്ങള്‍ ഭീതി പടര്‍ത്തുന്നത്.കഴിഞ്ഞ ഡിസംബര്‍ ഏഴു മുതലാണ് ഗ്രാമത്തില്‍ അസ്വഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. പകര്‍ച്ച വ്യാധിയോ,ബാക്ടീരിയ – ഫംഗസ് ബാധയോ അല്ല കാരണമെന്ന് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലും നടത്തിയ പരിശോധനകളില്‍ നിന്ന് വ്യക്തമായി.തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിഷയം അന്വേഷിക്കാന്‍ ഉന്നതല സമിതിയെ രൂപീകരിച്ചത്. ആരോഗ്യം, കുടുംബക്ഷേമം, കൃഷി, ജലവിഭവ , രാസവസ്തു, വളം മന്ത്രാലയങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതി പ്രദേശം സന്ദര്‍ശിച്ച പരിശോധന നടത്തും.ഭക്ഷ്യസുരക്ഷാ വിദഗ്ധരും ഫോറന്‍സിക് സയന്‍സ് ലാബ് സംവിധാനവും സമിതിക്കൊപ്പം ഉണ്ടാകും.
പനി, തല കറക്കം, ബോധക്ഷയം എന്നി രോഗലക്ഷണങ്ങള്‍ ആണ് മരിച്ചവര്‍ക്ക് ഉണ്ടായത്. ചികിത്സയ്ക്കെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.നാഡീകോശങ്ങളെ നശിപ്പിക്കുകയും നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്ന ന്യൂറോടോക്‌സിനുകളുടെ സാന്നിധ്യം മരിച്ചവരുടെ ശരീരത്ത് കണ്ടെത്തിയിരുന്നു.