രഞ്ജി ട്രോഫിയിലേക്ക് കോലി തിരിച്ചെത്തിയ മത്സരം കാണാന്‍ 15000ത്തിലധികം ആരാധകര്‍ സ്റ്റേഡിയത്തിലെത്തി.
ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്കുള്ള വിരാട് കോലിയുടെ 13 വര്‍ഷത്തിനുശേഷമുള്ള മടങ്ങിവരവ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് 15000ല്‍പരം കാണികള്‍. മത്സരം കാണാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സൗജന്യപ്രവേശനം അനുവദിച്ചതോടെ രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. കാണികളെ പ്രവേശിപ്പിച്ച ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ് കളി തുടങ്ങും മുമ്പെ നിറഞ്ഞു കവിഞ്ഞു. ഇതിനുശേഷവും മത്സര കാണാനായി ആയിരക്കണക്കിനാരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി തിക്കും തിരക്കും കൂട്ടിയതോടെ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടിവന്നു.
പോലീസിന്റെ ലാത്തിവീശലില്‍ നിരവധി ആരാധകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ പതിനാറാം ഗേറ്റിന് മുമ്പിലായിരുന്നു ആദ്യം ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ ചില ആരാധകര്‍ നിലത്തുവീഴുകയും ഇവര്‍ക്ക് മുകളിലൂടെ മറ്റ് ആരാധകര്‍ കടന്നുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ലാത്തിവീശിയത്. പരിക്കേറ്റ ആരാധകര്‍ക്ക് ചികിത്സ നല്‍കുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ലാത്തിവീശലില്‍ പ്രതിഷേധിച്ച് സമീപത്തുണ്ടായിരുന്ന പോലീസ് ബൈക്ക് ആരാധകര്‍ നശിപ്പിക്കുകയും ചെയ്തു. പതിനാറാം ഗേറ്റിന് മുന്നില്‍ നിരവധി ആരാധകരുടെ ഷൂസുകളും ചെരുപ്പുകളും ചിതറിക്കിടക്കുന്നതും കാണാമായിരുന്നു.
ഡല്‍ഹി മെട്രോ റെയില്‍വെ സ്റ്റേഷന് തൊട്ടടുത്തുള്ള 16-17 ഗേറ്റുകളുള്‍പ്പെടെ സ്റ്റേഡിയത്തിലെ മൂന്ന് ഗേറ്റുകളിലൂടെ കാണികളെ പ്രവേശിപ്പിക്കാനായിരുന്നു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ആരാധകരുടെ അഭൂതപൂര്‍വമായ തിരക്ക് കണ്ട് ഒടുവില്‍ ഒരു ഗേറ്റ് കൂടി ആരാധകര്‍ക്കായി തുറന്നുകൊടുക്കാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ബന്ധിതരായി. രാവിലെ ആരാധകരെ പ്രവേശിപ്പിക്കാനായി ഗേറ്റ് തുറന്നതോടെ സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും ഒടുവില്‍ പോലീസിന്റെ ലാത്തിവീശലിലും കലാശിച്ചത്.