മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നാരംഭിയ്ക്കും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ആണ് നിര്‍മ്മാണ കരാര്‍. നിര്‍മാണത്തിനായി കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഇന്നലെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു നടപടി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിരുന്നു. അത് കൂടാതെ 17. 77 കോടി രൂപ കൂടി ഹൈക്കോടതിയില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക കോടതിയില്‍ കെട്ടിവെച്ച് ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നല്‍കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഏറ്റെടുത്ത ഭൂമിക്ക് പകരമായി 26 കോടി രൂപ നല്‍കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.