റിയാസിനെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തി; വിമര്‍ശനവുമായി റിയാസിന്റെ സുഹൃത്ത് ഹസ്സന്‍ വാരിസ്, മൊഴി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി

മാസപ്പടി കേസിലെ അന്വേഷണത്തില്‍ ഇഡിക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സന്‍ വാരിസ്
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് സുഹൃത്തായ ഹസ്സന്‍ വാരിസ്. ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ വാരിസ് സത്യവാങ് മൂലം നല്‍കി. മകളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൊഴി നല്‍കിയെന്ന് ഹസ്സന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം 18നാണ് കോഴിക്കോടുള്ളഹസ്സന്‍ വാരിസിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. റിയാസിന്റെ കള്ളപ്പണം ദുബായിലുള്ള ഫൈജാസിന് കടത്താന്‍ വാരിസ് ഇടനിലക്കാരനായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വാരിസ് ഒപ്പിട്ട് നല്‍കിയ മൊഴിയില്‍ ഇക്കാര്യം ഉണ്ടായിരുന്നു. റിയാസിനെതിരായ നിര്‍ണ്ണായക തെളിവായാണ് വാരിസിന്റെ മൊഴിയെ ഇഡി കണ്ടത്. എന്നാല്‍ 20ന് ഈ മൊഴി പിന്‍വലിച്ച് വാരിസ് ഇഡിക്ക് നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മകളെ കേസിപ്പെട്ടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു. സ്വന്തം മകളെ സംരക്ഷിക്കുന്നോ അതോ മറ്റൊരാളെ സംരക്ഷിക്കുന്നോ എന്നായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യമെന്നാണ് വാരിസ് പറയുന്നത്. ഭീഷണിക്കൊടുവിലാണ് ഒപ്പിട്ടു മൊഴി നല്‍കിയതെന്നും അത് പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കിയതായി ഹസ്സന്‍ വാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു.

സത്യവാങ്മൂലം ലഭിച്ചെന്ന് സ്ഥിരീകരിക്കുന്ന ഇഡി പക്ഷെ ഹസന്‍ വാരിസ് പണം കൈമാറിയതിന് തെളിവുണ്ടെന്ന് വിശദീകരിക്കുന്നു. കോടതിയില്‍ കേസ് വരുമ്പോള്‍ മുമ്പ് നല്‍കിയ മൊഴി പിന്‍വലിച്ചെന്ന് കാണിക്കാന്‍ പലരും ഇത്തരം സത്യവാങ്മൂലം നല്‍കാറുണ്ടെന്നും ഇഡി പറയുന്നു. ഇഡിക്ക് ഒപ്പിട്ട് നല്‍കുന്ന മൊഴിക്ക് തെളിവ് മൂല്യമുണ്ട്. ഇത് പിന്‍വലിക്കാനുള്ള അവകാശം മൊഴി നല്‍കുന്നയാള്‍ക്കുണ്ടെങ്കിലും ഇഡിക്ക് നേരിട്ട് മൊഴി പിന്‍വലിക്കാന്‍ കഴിയില്ല. മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഇഡി കോടതിയില്‍ ഹാജരാക്കും. കോടതിയാകും മൊഴി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുക. പക്ഷേ റിയാസിന്റെയും സിപിഎം നേതാക്കളുടെയും പുതിയ പ്രതിരോധമാണ് വാരിസിന്റെ സത്യവാങ് മൂലം.

Scroll to Top