ബാര, മുക്കുന്നോത്ത് വന്‍ കഞ്ചാവ് വേട്ട; കിടപ്പുമുറിയിലെ തട്ടിന്‍പുറത്ത് ചാക്കില്‍കെട്ടി സൂക്ഷിച്ച 11.190 കിലോ കഞ്ചാവ് പിടികൂടി, ഒളിവില്‍ പോയ സഹോദരങ്ങള്‍ക്കായി തെരച്ചില്‍, മാങ്ങാട്ട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ഡി ഐ ജിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 11.190 കിലോ കഞ്ചാവ് പിടികൂടി. ഉദുമ പഞ്ചായത്തിലെ ബാര, മുക്കുന്നോത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മംഗ്ളൂരുവിലും ഉദുമയിലും മേല്‍പ്പറമ്പിലും ഹോട്ടലുകള്‍ നടത്തുന്ന ഉസ്മാന്‍ എന്നയാളുടെ മക്കളായ മുക്കുന്നോത്ത് ഹൗസിലെ സമീര്‍, സഹോദരന്‍ മുനീര്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവര്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍, എസ്.ഐ വി.കെ അനീഷ്, രാജപുരം എസ്.ഐ പ്രദീപ്, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍, ഡാന്‍സാഫ് ടീം എന്നിവര്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ഇരുനില വീടിന്റെ മുകളിലെ നിലയിലെ കിടപ്പുമുറിയില്‍ തട്ടിന്‍പുറത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ 0.330 ഗ്രാം എംഡിഎംഎയുമായി മാങ്ങാട്, ആരടുക്കത്തെ ഇ.കെ ഹൗസില്‍ റിസ്വാ(27)നെ മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തു. വീട്ടില്‍ വച്ചാണ് അറസ്റ്റ്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലായി നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ മയക്കുമരുന്നുകളുമായി നിരവധി പേര്‍ അറസ്റ്റിലായതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.