വേനല്‍ക്കാലത്തേത് പോലെ പീക്ക് ഡിമാന്റ്, അധിക വൈദ്യുതി ലഭിച്ചുമില്ല, ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം ഉറപ്പ്; 6.14 നും 12.45 നും ഇടയില്‍ പവര്‍ക്കട്ട്
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വേനല്‍ക്കാലത്തിന് സമാനമായി ഉയര്‍ന്നതിനാല്‍ ഇന്നും രാത്രി പവര്‍ക്കട്ട് ഉണ്ടാകും. ആവശ്യത്തിന് അധിക വൈദ്യുതി ലഭിക്കാത്തതും അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം
തിരുവനന്തപുരം: അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. ഇന്നും വൈകീട്ട് 6.15 നും രാത്രി 12 .45 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണമെന്നാണ് അറിയിപ്പ്. ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതിനാലും കട്ടിന് സാധ്യതയുണ്ട്. ഇപ്പോഴത്തെ വര്‍ധിച്ച ഉപയോഗം കണക്കിലെടുത്ത് വേനല്‍ക്കാലത്തേയ്ക്ക് ഉള്‍പ്പടെ വരും മാസങ്ങളില്‍ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അധിക വൈദ്യുതി കിട്ടാതെ രക്ഷയില്ല
ഇന്നലത്തെ പോലെ ഇന്നും. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടുതല്‍. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതിനാല്‍ ലഭ്യത കുറവ് . തത്സമയ വിപണയില്‍ നിന്ന് കൂടുതല്‍ കിട്ടുമെന്നും ഉറപ്പില്ല. അധികമായുള്ളത് കേന്ദ്രം അനുവദിച്ച 150 മെഗാവാട്ട് മാത്രം. മധ്യപ്രദേശില്‍ നിന്ന് കടമായി 200 മെഗാവാട്ട്. ഒഡിഷ്യയില്‍ നിന്ന് ഉള്‍പ്പെടെ പ്രതീക്ഷിച്ച വൈദ്യുതി തരപ്പെടുത്താനുമായില്ല. അങ്ങനെ ആകെ മൊത്തം 900 മെഗാവാട്ട് വരെ വൈദ്യുതി കുറവുള്ള അവസ്ഥയാണ്. അതിനാല്‍ തന്നെ ഇന്നലത്തെ പോലെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതില്‍ ആറ് മണി മുതല്‍ ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ വൈദ്യുതി എടുക്കരുതെതെന്ന് റീജിയണല്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പമുണ്ട്. ഇന്നലെ വേനല്‍ക്കാലത്തേത് പോലെ 5496 മെഗാവാട്ടായിരുന്നു പീക്ക് ഡിമാന്റ്. 24.76 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി കൂടുതലായി ഉത്പാദിപ്പിച്ചെങ്കിലും പ്രശ്‌ന പരിഹാരത്തിന് ഇത് പര്യാപ്തമല്ല. പ്രതീക്ഷിച്ചതിന്റെ പകുതി പോലും നീരൊഴുക്കില്ലത്തിനാല്‍ അണക്കെട്ടുകളിലെ വെള്ളം സംഭരണ ശേഷിയുടെ 62 ശതമാനമായി കുറഞ്ഞ അവസ്ഥയിലാണ്. വെള്ളത്തിന്റെ കരുതല്‍ കുറയുന്നതിനാലും പ്രതീക്ഷിച്ചതിനെക്കാളും ആവശ്യത ജൂണ്‍ മുതല്‍ ഉയര്‍ന്നതിനാലും വേനല്‍ക്കാലം ഉള്‍പ്പടെ വരും മാസത്തേയ്ക്ക് വേണ്ട വൈദ്യുതിയുടെ കണക്ക് കെ എസ് ഇ ബി കൂട്ടി. കഴിഞ്ഞ മാസങ്ങളിലെ വര്‍ധനയുടെ ശരാശരി കണക്കാക്കിയാണ് കൂട്ടിയത്. ഇത് അനുസരിച്ചാണ് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമം തുടങ്ങിയത്. പക്ഷേ ഏപ്രിലില്‍ പീക്ക് ഡിമാന്റ് ഉയര്‍ത്തിയ കണക്ക് കൂട്ടലിലും ഒതുങ്ങുമോയെന്ന ആശങ്ക കെ എസ് ഇ ബിയിലുണ്ട്.




