പെരിയ: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രതിരോധ, നയതന്ത്ര മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാന്‍ വേദിയൊരുക്കുന്ന ‘ഇനിസിയോ തേജസ്വിനി’ പരിപാടിയുമായി കേരള കേന്ദ്ര സര്‍വകലാശാല. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെയും സെക്യൂരിറ്റി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഐപിഎസ് മുഖ്യാതിഥിയായിരുന്നു. ജീവിതത്തില്‍ അച്ചടക്കം വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് വീട്ടില്‍നിന്നും തുടങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രൊഫ. കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, ജവഹര്‍ നവോദയയിലെയും കേന്ദ്രീയ വിദ്യാലയയിലെയും വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനൂറിലധികം പേര്‍ സംബന്ധിച്ചു. ലഫ്റ്റനന്റ് കമാന്‍ഡര്‍ അനുപമ തപ്ലിയാല്‍, കേണല്‍ വൈ. വിജയകുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സൈന്യത്തിന്റെ പരിശീലനം, പ്രവര്‍ത്തനം, പ്രതിരോധ മേഖലയില്‍ വനിതകള്‍ക്കുള്ള അവസരങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിഞ്ഞു. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ആശംസ അര്‍പ്പിച്ചു. സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ആര്‍. സുരേഷ് സ്വാഗതവും സെക്യൂരിറ്റി ഓഫീസര്‍ വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. കോര്‍ഡിനേറ്റര്‍ ഡോ. റെയിന്‍ഹാര്‍ട്ട് ഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്ലാ വര്‍ഷവും സംവാദ പരിപാടി നടത്താനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്.