ഉപ്പള ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അടച്ചിട്ട പഞ്ചായത്ത് റോഡ് ഇപ്പോഴും അതേ നിലയില്‍ തുടരുന്നു. യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ വന്‍ പ്രധിഷേധമാണ് ഉയരുന്നത്.
ഉപ്പള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന പല വഴികളും പിന്നീട് തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ഉപ്പള ടൗണില്‍ നിന്ന് മത്സ്യ മാര്‍ക്കറ്റിലേക്കും ടൗണിലെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും പൊതുജനങ്ങള്‍ സഞ്ചരിക്കുന്ന പഞ്ചായത്ത് റോഡ് ഇപ്പോഴും അടച്ചിടപ്പെട്ട നിലയിലാണ്.
റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം തീര്‍ന്ന ശേഷം സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ ഇപ്പോഴും റോഡ് തുറന്നു നല്‍കാത്ത സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിന്റെ ഹൃദയഭാഗമായ ഉപ്പള ടൗണില്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന റോഡ് അടച്ചിടുന്ന നടപടിയില്‍ വിയോജിപ്പ് ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡ് അടച്ചിട്ടതിനാല്‍ ദേശീയ പാതയിലേക്ക് എത്തുവാന്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേരത്തെ നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് ഉള്‍പ്പെടെ ഉപയോഗശൂന്യമായ അവസ്ഥയിലാണ് ഇപ്പോള്‍.
അതിനാല്‍, ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും, അധികാരികള്‍ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന ഈ പഞ്ചായത്ത് റോഡ് ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടച്ചിടേണ്ട സാഹചര്യമില്ലെന്നും, ഇത്തരത്തില്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന വികസനം ജനങ്ങളെ കൂടുതല്‍ പ്രശ്നങ്ങളിലാക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്ന് വീടുകളിലേക്കും ഫിഷ് മാര്‍ക്കറ്റിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും നടന്നു വന്നിരുന്ന നാട്ടുകാര്‍, ഇപ്പോള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റ് വഴികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതിനാല്‍, ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ന്യായമായ ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാര്‍.