ചിറ്റാരിക്കാല്‍ ന്മ കുഴികളടച്ചു നവീകരിച്ച മലയോര ഹൈവേയിലെ വനപാതകളില്‍ വീണ്ടും റോഡ് തകര്‍ന്നു. 90 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയ കോളിച്ചാല്‍-ചെറുപുഴ റീച്ചിലെ 3.100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വനപാതകളിലെ കുഴികളാണ് കഴിഞ്ഞ വര്‍ഷം 59 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്. ഈ റീച്ചില്‍ കാറ്റാംകവല, മരുതോം വനമേഖലകളിലെ മരുതോം, ചുള്ളിത്തട്ട്, കാറ്റാംകവ റോഡുകളിലെ കുഴികളിലാണ് ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്.
എന്നാല്‍ മഴക്കാലം കഴിയുന്നതോടെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ ഒഴികെയുള്ള റോഡില്‍ വീണ്ടും വന്‍ കുഴികള്‍ രൂപപ്പെട്ടു. ഇവയില്‍ പലയിടത്തും ചെളിവെള്ളം കെട്ടിനില്‍ക്കുകയാണ്. വനപാതയില്‍ നേരത്തേ പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യാത്തതിനാലാണ് ഇത്തരത്തില്‍ ശേഷിച്ച റോഡ് ഭാഗങ്ങള്‍ തകര്‍ന്നതെന്ന് യാത്രക്കാര്‍ പറയുന്നു. കാറ്റാംകവല റോഡിലാണ് ഏറെ കുഴികളുള്ളത്. തകര്‍ന്ന കുഴികളില്‍ കഴിഞ്ഞദിവസം നാട്ടുകാരില്‍ ചിലര്‍ വാഴനട്ടു പ്രതിഷേധിച്ചിരുന്നു.
അതേസമയം മലയോര ഹൈവേയില്‍ വനപാതയിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ഈ റീച്ചിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനും കഴിയുന്നില്ല. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ളതാണ് വനപാതയിലെ റോഡുകള്‍.അതുകൊണ്ടുതന്നെ ഈ ഭാഗത്തും മലയോര ഹൈവേയുടെ നിലവാരത്തില്‍ മെക്കാഡം ടാറിങ് നടത്തി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.