Thursday, November 21, 2024
Home Editors Choice കേരള-ഒഡീഷ മത്സരം സമനിലയില്‍

കേരള-ഒഡീഷ മത്സരം സമനിലയില്‍

by KCN CHANNEL
0 comment

വീണ്ടും അര്‍ധ സെഞ്ചുറിയുമായി ഷോണ്‍ റോജര്‍, ഏദന്‍ ആപ്പിള്‍ ടോമിന് 6 വിക്കറ്റ്;
എട്ട് വിക്കറ്റിന് 472 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഒഡീഷയ്ക്ക് 14 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.

പറ്റ്‌ന: സി കെ നായിഡു ട്രോഫിയില്‍ കേരള-ഒഡീഷ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ 186 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 217 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം അവസാനിച്ചത്. ആറ് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ഏദന്‍ ആപ്പിള്‍ ടോമിന്റെയും രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ ഷോണ്‍ റോജറിന്റെയും പ്രകടനമാണ് കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.

നേരത്തെ ഒഡീഷയുടെ ആദ്യ ഇന്നിങ്‌സ് 486 റണ്‍സിന് അവസാനിച്ചിരുന്നു. എട്ട് വിക്കറ്റിന് 472 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഒഡീഷയ്ക്ക് 14 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. സംബിത് ബാരലിനെയും ആയുഷ് ബാരിക്കിനെയും പുറത്താക്കി ഏദന്‍ ആപ്പിള്‍ ടോം ആണ് ഒഡീഷ ഇന്നിങ്‌സിന് അവസാനമിട്ടത്. ജിഷ്ണു രണ്ടും പവന്‍ രാജ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 62 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 14 റണ്‍സെടുത്ത വരുണ്‍ നായനാരുടെയും, 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ അഭിഷേക് നായരുടെയും 10 റണ്‍സെടുത്ത മൊഹമ്മദ് ഇനാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. നാലാം വിക്കറ്റില്‍ ഷോണ്‍ റോജറും അഹമ്മദ് ഇമ്രാനും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. അഹ്‌മദ് ഇമ്രാന്‍ 61 റണ്‍സെടുത്ത് പുറത്തായി.

കളി നിര്‍ത്തുമ്പോള്‍ 72 റണ്‍സോടെ ഷോണ്‍ റോജറും 23 റണ്‍സോടെ രോഹന്‍ നായരുമായിരുന്നു ക്രീസില്‍. ടൂര്‍ണ്ണമെന്റിലുടനീളം ഷോണ്‍ റോജറിന്റെ പ്രകടനമായിരുന്നു കേരള ബാറ്റിങ് നിരയ്ക്ക് കരുത്തായത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും അടക്കം 485 റണ്‍സാണ് സീസണിലാകെ ഷോണിന്റെ സമ്പാദ്യം. ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും മുന്‍നിരയിലാണ് ഷോണ്‍ റോജറുടെ സ്ഥാനം.

You may also like

Leave a Comment