ഡല്‍ഹി മലയാളികളുടെ ഉത്സവ വേദിയായി ന്യൂഡല്‍ഹി കേരള ഹൗസ്

ന്യൂഡല്‍ഹി: മലയാള നാടിന്റെ 61-ാം പിറന്നാള്‍ ആഘോഷത്തില്‍ ഡല്‍ഹി മലയാളികളുടെ ഉത്സവ വേദിയായി ന്യൂഡല്‍ഹി കേരള ഹൗസ്. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കലാ – സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാന്‍ നൂറുകണക്കിനു മലയാളികളാണ് കേരള ഹൗസ് അങ്കണത്തിലേക്ക് ഒഴുകിയെത്തുന്നത്. നവംബര്‍ ഏഴു വരെയാണു കേരളപ്പിറവി ആഘോഷവും ഭരണഭാഷാ വാരവും ചലച്ചിത്രോത്സവവും നടക്കുന്നത്.

മധുരം തുളുമ്പുന്ന മലയാള ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയോടെയായിരുന്നു ഇന്നലത്തെ ആഘോഷ പരിപാടികള്‍ തുടങ്ങിയത്. മലയാണ്മയുടെ സൗന്ദര്യം വിളിച്ചോതുന്ന കേരളം… കേരളം… എന്നു തുടങ്ങുന്ന ഗാനത്തോടെ ആരംഭിച്ച പരിപാടി ഡല്‍ഹി മലയാളികള്‍ക്കു ഗൃഹാതുരത്വത്തിന്റെ മധുര സ്മരണയായി. ശ്രുതിലയ മ്യൂസിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഗീത വിരുന്ന്. ഗാനമേളയുടെ ഭാഗമായി അവതരിപ്പിച്ച മിമിക്‌സ് പരേഡും കാണികളുടെ മനംകവര്‍ന്നു.

ഗോള്‍ മാര്‍ക്കറ്റ് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിരയും സംഘഗാനവും സദസിന് ഉത്സവഛായ പകര്‍ന്നു. ദ്വാരക ശ്രീനാരായണ കേന്ദ്രത്തിന്റെ നൃത്തശില്‍പ്പം, രോഹിണി ജനസംസ്‌കൃതി അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, ബദര്‍പൂര്‍ ജനസംസ്‌കൃതിയുടെ മാര്‍ഗംകളി, ഡല്‍ഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നൃത്തനൃത്യങ്ങള്‍ എന്നിവയും വേദിയെ വര്‍ണാഭമാക്കി.

പരിപാടികളുടെ ആസ്വാദകരായെത്തിയ 11 ഭാഗ്യശാലികള്‍ക്ക് ഇന്നലെയും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കി. നവംബര്‍ ഏഴു വരെ ദിവസവും 11 ഭാഗ്യശാലികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. നറുക്കെടുപ്പിനു ശേഷം ടേക് ഓഫ് എന്ന മലയാള ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.

KCN

more recommended stories