രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: വീരേന്ദ്രകുമാറിന് വിജയം

തിരുവനന്തപുരം: കേരളത്തില്‍ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന് വിജയം. യു.ഡി.എഫിന്റെ ബി ബാബുപ്രസാദിനെയാണ് വീരേന്ദ്രകുമാര്‍ തോല്‍പ്പിച്ചത്. വീരേന്ദ്രകുമാറിന് 89 വോട്ടുകളും ബി ബാബുപ്രസാദിന് 40 വോട്ടുകളും ലഭിച്ചു. യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.

യു.ഡി.എഫിന്റെ പരാതി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് അല്‍പം വൈകിയായിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്. വൈകിട്ട് 5.55ന് ആരംഭിച്ച വോട്ടെണ്ണല്‍ 6.15 ഓടെ അവസാനിച്ചു. 2017 ഡിസംബര്‍ 20 ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേരത്തെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കമ്മീഷന്റെ നിര്‍ദേശം വരാന്‍ വൈകിയത് വോട്ടെണ്ണലിനെ ബാധിച്ചു. പിന്നീട് കമ്മീഷന്റെ നിര്‍ദേശം വന്നതിന് ശേഷമായിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്. ഭരണകക്ഷിയെ മൂന്ന് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലായിരുന്നത് കാട്ടി വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ഭരണകക്ഷിയിലെ സി.പി.ഐ, എന്‍.സി.പി, ജെ.ഡി.എസ് എന്നീ പാര്‍ട്ടികള്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റ് നിര്‍ബന്ധമില്ലെന്ന് കാട്ടി വരണാധികാരി പരാതി തള്ളി. വോട്ട് ഒരംഗത്തിന്റെ മൗലികാവകാശമാണെന്നും വരണാധികാരി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

KCN

more recommended stories