തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് സ്ഥാനചലനം

തിരുവനന്തപുരം: തിരുവന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി. അരുവിക്കര എംഎല്‍എയായ കെഎസ് ശബരിനാഥന്‍ എംഎല്‍എയുടെ ഭാര്യ കൂടിയായ ദിവ്യ, വര്‍ക്കലയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവുകൂടിയായ സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചുകൊടുത്ത കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പിലേക്കാണ് ദിവ്യയെ മാറ്റിയത്. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്‌ബോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോടികളുടെ സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരിനാഥന്റെ കുടുംബസുഹൃത്തുകൂടിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് പതിച്ചുനല്‍കിയെന്നായിരുന്നു ആരോപണം.

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19 നാണ് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തത്. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.

ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിതമായ തീരുമാനം സബ്കളക്ടര്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടിരിക്കുന്നത്. സബ്കളക്ടര്‍ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേള്‍ക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയും ചെയ്യുകയായിരുന്നു. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാതെയാണ് സബ് കളക്ടര്‍ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ടായിരുന്നു.

തിരുവനന്തപുരം സബ് കളക്ടറായ ശബരിനാഥന്‍ ഔദ്യോഗിക പരിപാടുകളുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ ദിവ്യ എസ് നായരുമായി പരിചയപ്പടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. തുടര്‍ന്നാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇവരുടെ വിഹാഹം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു എംഎല്‍യും ഐഎഎസ് ഉദ്യോഗസ്ഥയും തമ്മിലുള്ള വിവാഹം.

ഭൂമ പതിച്ചുനല്‍കിയ കേസില്‍ ദിവ്യ എസ് അയ്യര്‍ക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ തന്നോടുള്ള രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ സിപിഐഎം നേതൃത്വം ഭാര്യയെ ഇരയാക്കുകയാണെന്ന് വ്യക്തമാക്കി ശബരിനാഥന്‍ രംഗത്തുവന്നിരുന്നു. വര്‍ക്കല എംഎല്‍എ വി ജോയി രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ പൊക്കിക്കൊണ്ടുവന്നതാണ് കേസ് എന്നായിരുന്നു ശബരിനാഥന്റെ വാദം.

KCN

more recommended stories