നിപാ വൈറസ്: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ നിപാ വൈറസ് ബാധയ്ക്കു പിന്നില്‍ പേരാമ്പ്രയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ നിന്നും ലഭിച്ച വവ്വാലുകളല്ലെന്ന് ഇന്നലെ സ്ഥിരീകരണം വന്നിരുന്നു.

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വവ്വാല്‍, പന്നി, കന്നുകാലികള്‍, ആട് എന്നിവയുടെ 21 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വവ്വാലിന്റെ മൂന്നു സാംപിള്‍, പന്നിയുടെ എട്ട്, കന്നുകാലിയുടെ അഞ്ച്, ആടിന്റെ അഞ്ച് എന്നിങ്ങനെയാണ് അയച്ചത്.

അതിനിടെ, കഴിഞ്ഞ ദിവസവും ഇന്നലെയുമായി 21 രോഗികളുടെ സാംപിളുകള്‍ പരിശോധനയില്‍ നെഗറ്റിവ് ആണെന്നു കണ്ടെത്തി. ആദ്യം മരിച്ച സാബിത്തിന്റെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ലായിരുന്നതിനാല്‍ നിപാ സ്ഥിരീകരിച്ചിട്ടില്ല.

സ്ഥിതിഗതികള്‍ നിയന്ത്രണമാണെങ്കിലും ശക്തമായ സുരക്ഷ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതേസമയം, രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

KCN

more recommended stories