ഭരണം കുട്ടിക്കളിയല്ലെന്നു മോദി അറിയണം: വിമര്‍ശനം കടുപ്പിച്ച് ശിവസേന

മുംബൈ:  ജമ്മു കശ്മീരില്‍ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. കശ്മീരിലെ അത്യാഗ്രഹത്തിന് ബിജെപിക്കു ചരിത്രം മാപ്പുനല്‍കില്ലെന്നു പാര്‍ട്ടി മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു. പ്രധാനമന്ത്രിക്കെതിരെയും വിമര്‍ശനമുന്നയിക്കുന്ന ലേഖനത്തില്‍, രാജ്യഭരണം കുട്ടിക്കളിയല്ലെന്നു നരേന്ദ്ര മോദി മനസ്സിലാക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു.അതിര്‍ത്തിയിലെ ഭീകരവാദവും കലാപവും നിയന്ത്രിക്കാന്‍ ബിജെപി ഒന്നും ചെയ്തില്ല. താഴ്വരയില്‍ അരാജകത്വം പരത്തിയിട്ട് അവര്‍ അധികാരം കയ്യൊഴിഞ്ഞു. അവസാനം എല്ലാ കുറ്റവും പിഡിപിയുടെ ചുമലില്‍ കെട്ടിവച്ചിരിക്കുകയാണ്. ബ്രിട്ടിഷുകാര്‍ രാജ്യംവിട്ടതിനു സമാനമായ ഒളിച്ചോട്ടമാണിതെന്നും സേന പരിഹസിച്ചു.

മുന്‍പൊരിക്കലും കശ്മീരിലെ സാഹചര്യം ഇത്ര മോശമായിട്ടില്ല, ഇതുപോലെ ചോരപ്പുഴയൊഴുകിയ അവസരം മുന്‍പുണ്ടായിട്ടില്ല, ഇത്രയധികം സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം സംഭവിച്ചത് ബിജെപി ഭരണത്തില്‍ സഹകരിച്ചുതുടങ്ങിയ ശേഷമാണ്. എന്നിട്ടു മെഹബൂബ മുഫ്തിയുെട ചുമലില്‍ എല്ലാ ഉത്തരവാദിത്തവും വച്ചുകൊടുത്ത് ഒന്നുമറിയാത്തതുപോലെ അവര്‍ കയ്യൊഴിഞ്ഞു.

കശ്മീരില്‍ സര്‍ക്കാര്‍ രൂപം കൊണ്ടതുതന്നെ ബിജെപിയുടെ അതിമോഹത്തില്‍നിന്നാണ്. അതിനു രാജ്യവും സൈന്യവും കശ്മീരിലെ ജനങ്ങളും വലിയ വില നല്‍കേണ്ടിവന്നു. കശ്മീരിലെ തീവ്രവാദ ഭീഷണി ഇല്ലാതാക്കുമെന്നു വാഗ്ദാനം നല്‍കിയാണു തങ്ങള്‍ അധികാരത്തിലെത്തിയതെന്നു മോദിയും ബിജെപിയും മറക്കരുത്.മുന്‍പുണ്ടായിരുന്ന കോണ്‍ഗ്രസ്-നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരായിരുന്നു ഭേദമെന്നു കശ്മീര്‍ ജനത ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന്, സൈനിക പോസ്റ്റുകള്‍ ഭീകരര്‍ ആക്രമിക്കുമ്പോള്‍ സൈനികര്‍ നാട്ടുകാരെ ആക്രമിക്കുകയാണ്. നിരപരാധികളായ സാധാരണക്കാര്‍ക്കു ജീവന്‍ നഷ്ടപ്പെടുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ തമാശയില്‍ പൊതിഞ്ഞ വാക്കുകള്‍ കൊണ്ടാണു പ്രതിരോധമന്ത്രി ട്വിറ്ററിലൂടെ അനുശോചനമറിയിക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷം അതിര്‍ത്തിയിലെ ഭീകരവാദം ആയിരമിരട്ടി വര്‍ധിച്ചു. പാക്കിസ്ഥാന്റെ ഇടപെടല്‍ പഴയതിലുമേറെയായി. യുദ്ധമില്ലാതെതന്നെ ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടു. ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയില്ലെന്നായപ്പോള്‍ എല്ലാം പിഡിപിയുടെ ചുമലില്‍ വച്ചുകൊടുത്തു. ബ്രിട്ടിഷുകാരും ഇതുതന്നെയല്ലേ ചെയ്തത്? – മുഖപ്രസംഗം പറയുന്നു.

KCN

more recommended stories