അബ്ദുള്‍നാസര്‍ മദനിയുടെ മാതാവ് അന്തരിച്ചു

കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദരോഗബാധിതയായ അസ്മാ ബീവി ഏറെക്കാലമായി ചികിത്സയില്‍ ആയിരുന്നു. രോഗം മൂര്‍ച്ഛച്ചതിനെ തുടര്‍ന്ന് അസ്മാബീവിയെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം. വൈകിട്ട് മൂന്ന് മണിയോടെയാണ് അന്ത്യം.

കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലില്‍ ടിഎ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. അസ്മാ ബീവിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് വിചാരണക്കോടതി മദനിക്ക് കേരളത്തില്‍ തുടരാനുളള അനുമതി നീട്ടി നല്‍കുകയുമുണ്ടായി. അതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ബെംഗളൂരു സ്ഫോടനക്കേസിലെ 31ാം പ്രതിയായ അബ്ദുള്‍ നാസര്‍ മദനി ഇതിന് മുന്‍പും രോഗബാധിതയായ ഉമ്മയെ കാണുന്നതിന് വേണ്ടി പല തവണ കേരളത്തിലേക്ക് വന്നിട്ടുണ്ട്. ഇത്തവണ കര്‍ശന ജാമ്യ വ്യവസ്ഥകളുടെ പുറത്താണ് മദനി കേരളത്തിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് മദനിക്ക് വിലക്കുണ്ട്.

കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാന്‍ പാടില്ലെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഇത് കൂടാതെ പിഡിപി പ്രവര്‍ത്തകരുമായോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായോ പ്രവര്‍ത്തകരുമായോ സംസാരിക്കാന്‍ പാടില്ലെന്നും ജാമ്യം അനുവദിക്കുമ്‌ബോള്‍ കോടതി നിര്‍ദേശിച്ചു. കേരളത്തിലേക്കുളള യാത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടേത് അടക്കം മുഴുവന്‍ ചെലവുകളും മദനി സ്വയമേ തന്നെയാണ് വഹിച്ചിരിക്കുന്നത്.

KCN

more recommended stories