താലിബാന്‍–പാക് സര്‍ക്കാര്‍ ചര്‍ച്ച മാറ്റിവെച്ചു

tahlibnഇസ്ലാമാബാദ്: സമാധാന നീക്കങ്ങളുടെ ഭാഗമായി പാകിസ്താന്‍ സര്‍ക്കാറും തെഹ്രികി താലിബാന്‍ പ്രതിനിധികളും തമ്മില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. ചര്‍ച്ചക്ക് മുന്നോടിയായി പാക് സര്‍ക്കാര്‍ സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റുകയാണെന്നാണ് താലിബാന്‍െറ ആരോപണം. താലിബാന്‍ നിയോഗിച്ച പ്രതിനിധിസംഘത്തില്‍നിന്ന് തങ്ങള്‍ക്ക് ചില ഉറപ്പുകള്‍ ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സമാധാന നീക്കങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ളെന്നാണ് ഇത് തെളിയിക്കുന്നതെന്ന് താലിബാന്‍ പ്രതിനിധി സംഘത്തിലുള്‍പ്പെട്ട മൗലാന സമിഉല്‍ ഹഖ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ മാറ്റിവെക്കുന്നതായി ഹഖ് തങ്ങളെ അറിയിക്കുകയായിരുന്നെന്നാണ് ചര്‍ച്ചയില്‍ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന നാലംഗസംഘത്തിന്‍െറ കണ്‍വീനര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഇര്‍ഫാന്‍ സിദ്ദീഖി വ്യക്തമാക്കിയത്. നേരത്തേ താലിബാന്‍ നിര്‍ദേശിച്ച സംഘത്തിലുള്‍പ്പെട്ട മുന്‍ ക്രിക്കറ്ററും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന്‍, ജംഇയ്യതുല്‍ ഉലമായെ ഇസ്ലാം നേതാവ് ഫസലുര്‍റഹ്മാന്‍ എന്നിവരുമായി സര്‍ക്കാര്‍ സമിതി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നെങ്കിലും രണ്ടുപേരും താലിബാന്‍െറ പ്രാതിനിധ്യത്തില്‍നിന്ന് പിന്മാറിയിട്ടുണ്ട്.
എന്നാല്‍, സംഘത്തിലെ ബാക്കിയുള്ള മൂന്നുപേര്‍ ചര്‍ച്ചക്ക് തയാറാണെന്ന് ഇര്‍ഫാന്‍ സിദ്ദീഖിയെ അറിയിച്ചിരുന്നെന്ന് പറഞ്ഞ ഹഖ് ചര്‍ച്ചയില്‍നിന്നുള്ള പിന്മാറ്റം സാമാധാന നീക്കങ്ങളോട് സര്‍ക്കാറിന്‍െറ നിഷേധാത്മക മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ചര്‍ച്ചക്ക് തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അവര്‍ തയാറാണെങ്കില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യക്തമായ ധാരണയില്ലാതെ ചര്‍ച്ചക്കിരിക്കുന്നത് ഗുണകരമാകില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്.

KCN

more recommended stories