മലയാളിക്കരുത്തില്‍ റെയില്‍വേസിന് ജയം

03096_564576കിഴക്കമ്പലം (കൊച്ചി) : ഫെഡറേഷന്‍ കപ്പ് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ വിഭാഗത്തില്‍ റെയില്‍വേസ് കുതിപ്പു തുടങ്ങി. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഹരിയാണയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (25-12, 25-17,25-18) റെയില്‍വേസ് കീഴടക്കിയത്. കളിയുടെ എല്ലാ ഘട്ടത്തിലും സര്‍വ്വാധിപത്യത്തോടെയായിരുന്നു ദേശീയ ചാമ്പ്യന്‍മാരുടെ കളി. മലയാളിക്കരുത്തുമായി കളത്തിലിറങ്ങിയ റെയില്‍വേസിന് അനായാസ ജയമൊരുക്കിയതാകട്ടെ മലയാളി വനിതകളുടെ മിന്നുന്ന പ്രകടനവും. എം.എസ് പൂര്‍ണിമ, വി.സൗമ്യ എന്നിവരാണ് റെയില്‍വേ നിരയില്‍ തിളങ്ങിയ മലയാളി താരങ്ങള്‍. രണ്ടാം മത്സരത്തില്‍ തമിഴ്‌നാട് 25-14, 25-11, 25-19 ന് ഉത്തര്‍പ്രദേശിനെ കീഴടക്കി.

ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതകള്‍ വെള്ളിയാഴ്ച ആദ്യമത്സരത്തിറങ്ങും. കിഴക്കമ്പലം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 6.30 ന് നടക്കുന്ന മത്സരത്തില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍.വനിതാ വിഭാഗത്തില്‍ നിലവിലെ ജേതാക്കളാണ് കേരളം.കെ.എസ്.ഇ.ബി താരങ്ങളുടെ കരുത്തുമായാണ് കേരളം ഇത്തവണയും കിരീടം നിലനിര്‍ത്താനിറങ്ങുന്നത്.

ക്യാപ്റ്റന്‍ പി.വി ഷീബയെ കൂടാതെ ദേശീയ താരങ്ങളായ എസ്.രേഖയുടെയും ടിനി രാജുവിന്റെയും പരിചയസമ്പത്ത് കേരളത്തിന് കരുത്താകും.ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ അഞ്ജു ബാലകൃഷ്ണനും കേരള പോലീസ് താരം അനു ഫിലിപ്പുമാണ് മറ്റു പ്രതീക്ഷകള്‍.

2 ന് ഹരിയാനയ്‌ക്കെതിരെയും 5 ന് റെയില്‍വേസിനെതിരെയുമാണ് കേരളടീമിന്റെ മറ്റു മത്സരങ്ങള്‍. ഇതില്‍ കരുത്തരായ റെയില്‍വേസാണ് കേരളത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ടീം. പുരുഷ വിഭാഗത്തില്‍ കേരളം കഴിഞ്ഞ ദിവസം പഞ്ചാബിനെ തോല്‍പ്പിച്ച് ജയത്തോടെ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ പൂള്‍ ബിയില്‍ ഉത്തരാഖണ്ഡ് പഞ്ചാബിനെയും പൂള്‍ എ യില്‍ തമിഴ്‌നാട് ഹരിയാണയെയും നേരിടും.

KCN

more recommended stories