ശുചിത്വം തന്നെ പ്രവര്‍ത്തനം ബാലു വ്യത്യസ്തനാകുന്നു

ab kudiyanam
എബി കുട്ടിയാനം

മാലിന്യമുക്തം എന്ന വാക്ക് പരസ്യവാചകം മാത്രമാവുന്ന വര്‍ത്തമാനകാലത്ത് ക്ലീന്‍ കേരളയുടെ ആത്മാര്‍ത്ഥപോരാളിയായി ഒരു യുവാവ് വ്യത്യസ്തനാവുന്നു. ബദിയഡുക്കയിലെ ബാലുവാണ് നാടിന്റെ ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി സേവനത്തിന് പുതിയമുഖം നല്‍കുന്നത്.
എത്രയോ വര്‍ഷമായി ബദിയഡുക്കയുടെ കൂട്ടുകാരനായി കഴിയുന്ന ബാലുവിന് ടൗണ്‍ എന്നു പറഞ്ഞാല്‍ സ്വന്തം വീടുപോലെയാണ്. ഒരു കടലാസ് കഷ്ണമോ പാഴ്‌വസ്തുക്കളോ വീണുകിടക്കുന്നത് കണ്ടാല്‍ ബാലുവിന് അത് സഹിക്കാന്‍ കഴിയില്ല. കുട്ടികള്‍ വീട് വികൃമാക്കുമ്പോള്‍ വേവലാതിപ്പെടുന്ന വീട്ടമ്മയെപ്പോലെ ആരെയും കുറ്റംപറയാതെ ഓടിയെത്തിപെറുക്കിയെടുത്ത് നിലം വൃത്തിയാക്കും.

suchithamബാലു ബദിയഡുക്ക വിട്ട് എവിടെയും പോകാറില്ല കാരണം അയാള്‍ക്ക് അവിടെ നിറവേറ്റേണ്ട കുറേഉത്തരവാദിത്വമുണ്ട്. ആരും ഏല്‍പ്പിച്ചില്ലെങ്കിലും ടൗണിനെ ശുചിത്വമാക്കേണ്ടത് തന്റെ ജോലിയാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു അയാള്‍ . രാവിലെയും രാത്രിയും ടൗണ്‍ മൊത്തം അടിച്ചുവൃത്തിയാക്കും. മണിക്കൂറുകള്‍ നീളുന്ന ജോലി കഴിയുമ്പോള്‍ അവിടെ വീട്ടുമുറ്റംപോലെ മനോഹരമാകും. ചൂലുകൊണ്ട് വളരെപ്രയാസപ്പെട്ട് അടിച്ചുവൃത്തിയാക്കുന്നത് കാണുമ്പോള്‍ ആ മുഖത്ത് നിറയുന്ന ആത്മാര്‍ത്ഥതയും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ബദിയഡുക്കയിലെ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

മഴയും മഞ്ഞും കനത്തവെയിലുമൊന്നും ബാലുവിന്റെ ശുചിത്വപ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ടൗണ്‍ മാത്രമല്ല അവിടത്തെ ഓരോ കടവരാന്തയും ബാലു വൃത്തിയാക്കും. എന്നാല്‍ ആരോടും പണം വാങ്ങില്ല. ഒരു ദിവസത്തെ ഊണിനുള്ള കാശുമാത്രമാണ് വേണ്ടത്. അത് ഏറെ ഇഷ്ടപ്പെട്ട ഏതെങ്കിലും കടക്കാരനോട് വാങ്ങും. മുമ്പ് പത്തുരൂപയായിരുന്നു വാങ്ങിയത്, ഊണിന് വില ഏറിയതോടെ അത് 20 രൂപയാക്കി. പക്ഷെ, അധികം നല്‍കിയാല്‍ വാങ്ങാന്‍ കൂട്ടാക്കാറില്ലെന്ന് ബദിയഡുക്കയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ഹംസ പറഞ്ഞു.
അധികം ആരോടും സംസാരിക്കില്ല, ഇഷ്ടമുള്ള ആളുകളോട് വലിയ ഇഷ്ടവുമാണ്. എന്നാല്‍_sc_0013 ശുചിത്വപ്രവര്‍ത്തനത്തില്‍ ഈ വേര്‍തിരിവില്ല. ഏതു കടവരാന്തയിലെത്തിയാലും നൂറുശതമാനം ആത്മാര്‍ത്ഥത കാണാം. പണിയെടുക്കുന്നതിനിടയില്‍ സംസാരിക്കുന്നത് ബാലുവിന് ഇഷ്ടമല്ല. ആരെങ്കിലും

 

വര്‍ത്തമാനം പറഞ്ഞെത്തിയാല്‍ ബഹിഷ്‌ക്കരണമടക്കമുള്ള ഭീഷണിയും മുഴക്കാറുണ്ടത്രെ.
പത്തു പതിനഞ്ചു വര്‍ഷമായി ബാലു ഈ പ്രവര്‍ത്തനം തുടരുന്നു. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ ഭരണാധികാരികള്‍പോലും ശുചിത്വപ്രവര്‍ത്തനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതിനുമുമ്പുതന്നെ ബാലു ക്ലീന്‍ കേരളയുടെ നമ്പര്‍ വണ്‍ സേവകനായി മാറിയിരുന്നു.
ക്ലീനിംഗ് സേവനം കഴിഞ്ഞാല്‍ ബസ് സ്റ്റാന്റിലെത്തി ബസ് റൂട്ട് വിളിച്ചുപറയും. ഏതു ബസ് എത്ര മണിക്കെത്തും, അതിന്റെ നമ്പര്‍ എത്രയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം ബാലുവിന് മനപാഠം. സിനിമയെക്കുറിച്ച് ചോദിച്ചാലും ബാലു ഒരു എന്‍സൈക്ലോപീഡിയ ആണെന്ന് വ്യക്തമാകും. എത്ര വര്‍ഷം മുമ്പിറങ്ങിയ സിനിമ ആയാലും അത് നാട്ടിലെ തിയ്യറ്ററില്‍ എപ്പോഴാണ് എത്തിയതെന്നും ആരാണ് നായകനെന്നും എത്ര ദിവസും കളിച്ചുവെന്നുമെല്ലാം പറഞ്ഞു തരും.
_sc_0014നാട്ടിലെ വ്യത്യസ്തമായൊരു കഥാപാത്രം മാത്രമല്ല ഏറെ വിശ്വസ്തനും കൂടിയാണ് ബാലു. പല വ്യാപാരികളും മറ്റു ദിക്കുകളിലേക്ക് പണം കൊടുത്തുവിടുന്നതും ബാലുവിന്റെ കയ്യിലാണ്.
മാലിന്യം അന്യന്റെ വളപ്പിലേക്ക് വലിച്ചെറിയുന്ന മാന്യന്മാര്‍ ജീവിക്കുന്ന ലോകത്ത് ബാലു എന്ന സാധാരണ മനുഷ്യന്‍ വ്യത്യസ്തതകൊണ്ട് അസാധാരണക്കാരനാകുമ്പോള്‍ അതൊരു മാതൃകയായി മാറുകയാണ്.

KCN

more recommended stories